India
bulk cargo vessel Ruen
India

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന

Web Desk
|
17 March 2024 8:37 AM GMT

മൂന്ന് മാസം മുമ്പാണ് കപ്പൽ തട്ടിയെടുത്തത്

ന്യൂഡൽഹി: മൂന്ന് മാസം മുമ്പ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മാൾട്ടയുടെ പതാകയുള്ള ചരക്ക് കപ്പൽ ‘റൂയെൻ’ മോചിപ്പിച്ച് ഇന്ത്യൻ നാവിക സേന. 40 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെയാണ് കപ്പൽ മോചിപ്പിച്ചത്. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ രക്ഷപ്പെടുത്തുകയും 35 കടൽക്കൊള്ളക്കാർ കീഴടങ്ങിയതായും നാവിക​ സേന അധികൃതർ അറിയിച്ചു.

നാവികസേനയുടെ കപ്പലുകൾ, ഡ്രോണുകൾ, എയർ ക്രാഫ്റ്റുകൾ, മറൈൻ കമാൻഡോകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയായിരുന്നു രക്ഷാപ്രവർത്തനം. ഡിസംബർ 14നാണ് കപ്പൽ റാഞ്ചിയത്. അതിനുശേഷം കടൽക്കൊള്ളക്കാരുടെ താവളമായി ഉപയോഗിക്കുകയായിരുന്നു. ഈ ആഴ്ച ആദ്യം സൊമാലിയൻ തീരത്തുനിന്ന് ബംഗ്ലാദേശ് പതാക വഹിച്ച ചരക്ക് കപ്പൽ റാഞ്ചാൻ ഈ കപ്പൽ ഉപയോഗിച്ചതായി യൂറോപ്യൻ യൂനിയൻ നാവികസേന അറിയിച്ചു.

വെള്ളിയാഴ്ചയാണ് ചരക്ക് കപ്പൽ റൂയെൻ ഇന്ത്യൻ നാവിക സേന​ കണ്ടെത്തുന്നത്. ഇന്ത്യൻ യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊൽക്കത്തയുടെ സഹായത്തോടെയായിരുന്നു ദൗത്യം. എയർക്രാഫ്റ്റ് കപ്പലിന് സമീപം എത്തിയപ്പോൾ കടൽ​ക്കൊള്ളക്കാർ വെടിയുതിർത്തു. നാവിക സേനയുടെ കപ്പലിന് നേരെയും കടൽക്കൊള്ളക്കാർ ആക്രമണം അഴിച്ചുവിട്ടു.

ഇതോടെ സ്വയം പ്രതിരോധത്തിലേക്ക് നീങ്ങിയ ​നാവിക സേന, കടൽക്കൊള്ളക്കാരോട് കീഴടങ്ങാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു. പിന്നീട് എട്ട് മറൈൻ കമാൻഡോകളുമായി വിമാനം കപ്പലിലേക്ക് ഇറക്കി. ഇവരുടെ നേതൃത്വത്തിൽ ശനിയാഴ്ച കപ്പലിന്റെ നിയന്ത്രണം നാവിക സേന ഏറ്റെടുക്കുകയായിരുന്നു.



Similar Posts