ദലിതുകളെ അധിക്ഷേപിച്ച് വീഡിയോ; ബ്രിട്ടനിൽ ഇന്ത്യൻ വംശജന് 18 മാസം തടവ് ശിക്ഷ
|കഴിഞ്ഞ വർഷം ജൂലൈ 19നാണ് ഇയാൾ ടിക് ടോക്കിൽ ദലിത് സമൂഹത്തെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
ലണ്ടൻ: ദലിത് വിഭാഗത്തെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 മാസം തടവു ശിക്ഷ. തെക്ക്- കിഴക്കൻ ഇംഗ്ലണ്ടിലെ ബെർക്ഷെയറിലെ സ്ലോയിൽ നിന്നുള്ള അംരിക് സിങ് ബജ്വ (68)യ്ക്കാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇയാൾക്ക് 240 ബ്രിട്ടീഷ് പൗണ്ട് പിഴയും ചുമത്തി.
അന്വേഷണത്തെത്തുടർന്ന്, സോഷ്യൽ മീഡിയയിലൂടെ നിന്ദ്യമായ വീഡിയോ പങ്കുവച്ചതിന് ഒരാൾക്ക് കോടതി ശിക്ഷ വിധിച്ചതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈ 19നാണ് ഇയാൾ ടിക് ടോക്കിൽ ദലിത് സമൂഹത്തെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.
"അംരിക് ബജ്വയെപ്പോലെയുള്ളവരുടെ പെരുമാറ്റം പൊലീസ് വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്ന ശിക്ഷയിൽ ഞാൻ സന്തുഷ്ടനാണ്"- സ്ലോ പൊലീസ് സ്റ്റേഷനിലെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സെർജെന്റ് ആൻഡ്രൂ ഗ്രാന്റ് പറഞ്ഞു.
വിവിധ സമുദായങ്ങളെ സംരക്ഷിക്കാനും സാമുദായിക ഐക്യത്തിന് തുരങ്കം വയ്ക്കുന്ന ക്രിമിനൽ നടപടികൾക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കഴിഞ്ഞ വർഷം ജൂലൈ 22നാണ് ബജ്വ അറസ്റ്റിലായത്. ഈ വർഷം മാർച്ച് രണ്ടിനാണ് ഇയാൾക്കെിരെ കുറ്റം ചുമത്തിയത്.
യു.കെയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ- മനുഷ്യാവകാശ സംഘടനയായ ആന്റി കാസ്റ്റ് ഡിസ്ക്രിമിനേഷൻ അലയൻസ് (എസിഡിഎ) ഉൾപ്പെടെയുള്ള സംഘടനകളാണ് ദലിത് സമുദായങ്ങൾക്കെതിരായ വിദ്വേഷ വീഡിയോ സംബന്ധിച്ച് പരാതി നൽകിയത്.
18 ആഴ്ചത്തെ ജയിലിൽ ശിക്ഷ ബജ്വയുടെ വീഡിയോ ദലിത് സമൂഹത്തിന് ഉണ്ടാക്കിയ ദ്രോഹത്തിന്റെ തീവ്രതയെ പ്രതിഫലിപ്പിക്കുന്നതായി എസിഡിഎ വക്താവ് പറഞ്ഞു. 2022ൽ അംരിക് സിങ് ബജ്വ ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വിഷലിപ്തവും ജാതീയത നിറഞ്ഞതുമായിരുന്നെന്നും വക്താവ് വ്യക്തമാക്കി.
നിരവധി സാമുദായിക സംഘടനകൾ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ശിക്ഷയെന്ന് എസിഡിഎ പറഞ്ഞു. അതേസമയം, കേസിന്റെ അന്വേഷണത്തിന് സഹായിച്ച എല്ലാ പ്രധാന സാക്ഷികൾക്കും തൈംസ് വാലി പൊലീസ് നന്ദി അറിയിച്ചു.