India
തരൂരിനെ പ്രസിഡണ്ടാക്കണം; സോണിയയ്ക്ക് കത്തയച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
India

തരൂരിനെ പ്രസിഡണ്ടാക്കണം; സോണിയയ്ക്ക് കത്തയച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

Web Desk
|
21 Sep 2022 6:12 AM GMT

മത്സര സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം തരൂര്‍ സോണിയാ ഗാന്ധിയെ കണ്ടിരുന്നു

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരുവനന്തപുരം എംപി ശശി തരൂരിനെ പരിഗണിക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് സ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. മികച്ച പാർലമെന്റേറിയനും പ്രഭാഷകനുമായ തരൂരിനെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം.

വർഷങ്ങളായി കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ച നിരവധി വൻകിട നേതാക്കൾ പാർട്ടി വിട്ടുപോയി. 2024ലെ ദേശീയ തെരഞ്ഞെടുപ്പ് അതിവേഗം അടുത്തുവരുന്നു. മോദിക്കെതിരെ നിൽക്കുക എന്ന വലിയ ജോലിയാണ് പാർട്ടിക്കു മുമ്പിലുള്ളത്. രാഹുൽ ഗാന്ധി ഏതെങ്കിലും പാർട്ടി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്ഥിതിക്ക് സ്ഥാനം പുതിയ ഒരാൾക്ക് കൈമാറേണ്ടതുണ്ട്. ശശി തരൂരിനെയാണ് പരിഗണിക്കേണ്ടത്- കത്തിൽ പറയുന്നു.

മറ്റാരെയെങ്കിലുമാണ് പരിഗണിക്കുന്നത് എങ്കിൽ കോൺഗ്രസ് പാർട്ടിക്ക് അകത്ത് അത് ചെറിയ ചലനങ്ങളേ ഉണ്ടാക്കൂ. തരൂർ മഹത്തായ പാർലമെന്റേറിയനാണ്. മികച്ച വാഗ്മിയും വലിയ ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവുമുള്ള നേതാവുമാണ്. 24 മണിക്കൂറും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നു- കത്തിൽ വ്യക്തമാക്കി.

രാഹുൽ ഗാന്ധി അല്ലാത്ത ആര് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാകുമെന്ന നിലപാടിലാണ് തരൂർ. മത്സര സന്നദ്ധത അറിയിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം സോണിയാ ഗാന്ധിയെ കണ്ടിരുന്നു. എന്നാൽ കേരളത്തിലെ നേതാക്കൾക്ക് തരൂരിനോട് താത്പര്യമില്ല. കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അത് പറയാതെ പറഞ്ഞു കഴിഞ്ഞു.

അതിനിടെ, ഗാന്ധി കുടുംബത്തിന്റെ നോമിനിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഗെലോട്ട് ഇന്ന് ഡൽഹിയിൽ സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലെ രാജസ്ഥാനിലെ തന്റെ അനുയായികളുമായി അദ്ദേഹം ചർച്ച നടത്തി. താൻ അധ്യക്ഷ പദവിയിലേക്ക് വരുമ്പോൾ സംസ്ഥാനത്ത് മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് കൈമാറേണ്ട സാഹചര്യം ഒഴിവാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

സെപ്തംബർ 24ന് നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങും. 30 വരെ പത്രിക സമർപ്പിക്കാം. രണ്ടായിരത്തിൽ സോണിയാ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ് മത്സരിച്ചതിന് ശേഷം ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Similar Posts