India
2014ന് മുമ്പ് ജനങ്ങൾക്ക് രാഷ്ട്രീയമോ രാഷ്ട്രപതിയുടെ പേരോ അറിയില്ലായിരുന്നു; കങ്കണ റണൗട്ട്
India

2014ന് മുമ്പ് ജനങ്ങൾക്ക് രാഷ്ട്രീയമോ രാഷ്ട്രപതിയുടെ പേരോ അറിയില്ലായിരുന്നു; കങ്കണ റണൗട്ട്

Web Desk
|
21 Sep 2023 12:08 PM GMT

'2014ന് മുമ്പ് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അറിയില്ലായിരുന്നു'.

ന്യൂഡൽഹി: 2014ൽ മോദി സർക്കാർ ആദ്യമായി അധികാരത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യയിലെ ഒരൊറ്റയാൾക്കും രാഷ്ട്രീയത്തെ കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. അവർക്ക് ജി20 എന്താണെന്നോ അതിൽ എന്താണ് ചർച്ച ചെയ്യുന്നതെന്നോ അറിയില്ലായിരുന്നു.

2014ന് മുമ്പ് ജനങ്ങൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അറിയില്ലായിരുന്നു. എന്തിനേറെ, രാഷ്ട്രപതിയുടെ പേര് പോലും അറിയില്ലായിരുന്നു- കങ്കണ ആരോപിച്ചു. ടൈംസ്നൗ നവഭാരത് ചാനലിൽ ടൈംസ് നെറ്റ്‌വർക്ക് ഗ്രൂപ്പ് എഡിറ്റർ നവിക കുമാറുമായുള്ള അഭിമുഖത്തിലാണ് കങ്കണയുടെ വിചിത്ര പരാമർശങ്ങൾ.

നേരത്തെ, ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് നടി രം​ഗത്തെത്തിയിരുന്നു. ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ഭാരതമെന്നു മാറ്റണമെന്ന് താൻ മുമ്പേ ഉന്നയിച്ച ആവശ്യമായിരുന്നു എന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. തനിക്ക് പറയാന്‍ എളുപ്പം ഭാരത് എന്നാണ്. ഇന്ത്യ എന്നു പറയുമ്പോള്‍ നാക്കുളുക്കുമെന്നും കങ്കണ പറഞ്ഞിരുന്നു.

ഭാരതം എന്ന പേര് തന്നെ അർഥപൂർണമാണ്. ഇന്ത്യയുടെ അർഥമെന്താണ്. പഴയ ഇംഗ്ലീഷിൽ അടിമകളെ റെഡ് ഇന്ത്യൻസ് എന്നാണ് വിളിച്ചിരുന്നതെന്നും ബ്രിട്ടീഷുകാർക്ക് ഉച്ചരിക്കാൻ ബുദ്ധിമുട്ടായതു കൊണ്ടാണ് അവർ ഭാരതമെന്ന പേരു മാറ്റിയതെന്നും കങ്കണ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അവകാശപ്പെട്ടിരുന്നു.



Similar Posts