വിമാനത്തിൽ സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് യാത്രാവിലക്ക്; പ്രതി സുരക്ഷാ സേനയോടും മോശമായി പെരുമാറി
|അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും ജീവനക്കാർ സാഹചര്യം പക്വതയോടെ കൈകാര്യം ചെയ്തെന്നുമാണ് ഡി.ജി.സി.എ വിലയിരുത്തൽ.
ന്യൂഡൽഹി: ന്യൂയോർക്ക്- ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികന് മേൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് യാത്രാ വിലക്ക്. അമേരിക്കൻ എയർലൈൻസ് അധികൃതരാണ് പ്രതിയായ 21കാരൻ ആര്യ വോഹ്റയ്ക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാളുടെ യാത്രയെന്ന് അധികൃതർ പറയുന്നു.
യു.എസ് സർവകലാശാലാ വിദ്യാർഥിയായ വോഹ്റ കഴിഞ്ഞദിവസം രാത്രി ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട എഎ292 അമേരിക്കൻ എയർലൈൻസിൽ യാത്ര ചെയ്യവെയാണ് അടുത്തുണ്ടായിരുന്ന യാത്രികന്റെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചത്. ഇനി ഇയാളെ തങ്ങളുടെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു.
'വിമാനം എത്തിയപ്പോൾ, യാത്രക്കാരൻ അമിതമായി മദ്യപിച്ചിരുന്നതായും വിമാനത്തിലെ ക്രൂ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും ജീവനക്കാരിലൊരാൾ തങ്ങളെ അറിയിച്ചു. ഓപ്പറേറ്റിങ് ക്രൂവുമായി അയാൾ തുടർച്ചയായി വഴക്കുണ്ടാക്കുകയും ഇരിക്കാൻ തയ്യാറാവാതെ ക്രൂവിന്റെയും വിമാനത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. സഹയാത്രക്കാരെ ശല്യപ്പെടുത്തിയ ഇയാൾ, മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചു'- അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
'സംഭവത്തിൽ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) വിവരമറിയിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. അവർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും യാത്രികനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അവർ ഡൽഹി വിമാനത്താവളത്തിൽ വച്ച് വിദ്യാർഥിയെ പിടികൂടുകയും എയർപോർട്ട് പൊലീസിന് കൈമാറുകയുമായിരുന്നു. ഈ സമയം ഇയാൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറി'- വിമാനത്താവള അധികൃതർ പറഞ്ഞു.
സംഭവത്തിൽ യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് എയർപോർട്ട് പൊലീസ് വ്യക്തമാക്കി. 'യു.എസിൽ വിദ്യാർഥിയും ഡൽഹി ഡിഫൻസ് കോളനിയിൽ താമസക്കാരുമായ ആര്യ വോഹ്റയ്ക്കെതിരെ അമേരിക്കൻ എയർലൈൻസിൽ നിന്നുള്ള സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഐപിസി, സിവിൽ ഏവിയേഷൻ ആക്ട് എന്നിവ പ്രകാരം ഞങ്ങൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്'- ഡി.സി.പി ദേവേഷ് കുമാർ പറഞ്ഞു.
അതേസമയം, സംഭവം പ്രശ്നമായെന്ന് മനസിലായ വിദ്യാർഥി സഹയാത്രികനോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, വിവരമറിഞ്ഞ ജീവനക്കാർ ഇക്കാര്യം ഗൗരവമായി എടുക്കുകയും ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി) റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
സിവിൽ ഏവിയേഷൻ നിയമം അനുസരിച്ച്, ഒരു യാത്രക്കാരൻ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് പുറമെ, ഒരു നിശ്ചിത കാലയളവിലേക്ക് വിമാനത്തിൽ നിന്ന് വിലക്കുകയും ചെയ്യും. ഇതുപ്രകാരമാണ് എയർലൈൻസിന്റെ നടപടി. അതേസമയം, അമേരിക്കന്‍ എയര്‍ലൈന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്നും ജീവനക്കാർ സാഹചര്യം പക്വതയോടെ കൈകാര്യം ചെയ്തെന്നുമാണ് ഡി.ജി.സി.എ വിലയിരുത്തൽ.
നവംബർ 26ന്, ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ശങ്കർ മിശ്ര എന്നയാൾ വയോധികയായ സഹയാത്രികയ്ക്കു മേൽ മദ്യപിച്ച് മൂത്രമൊഴിച്ചിരുന്നു. സംഭവം ഒരു മാസത്തിന് ശേഷമാണ് പുറത്തറിയുന്നത്. ഇതിനു ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾക്ക് എയർഇന്ത്യ 30 ദിവസം യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, സംഭവം പൊലീസിനെ അറിയിക്കാതിരുന്ന എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ പൈലറ്റ് ഇൻ കാമൻഡന്റിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം ചോദിച്ചതിന് ശേഷമായിരുന്നു ഡി.ജി.സി.എയുടെ നടപടി.
ഡിസംബർ ആറിലെ പാരിസ്- ഡൽഹി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചിരുന്നു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.