"രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വെടിയേറ്റു മരിച്ചെന്ന് കേള്‍ക്കുന്നു, മോദിജീ രക്ഷിക്കൂ"; സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കരളലിയിക്കുന്ന വീഡിയോ
|"ഹോസ്റ്റലിൽ നിന്ന് ഞങ്ങൾ അതിർത്തിയിലേക്ക് നടന്നാൽ വെടിയേറ്റു മരിക്കുമെന്ന് ഉറപ്പാണ്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഇവിടെ ഷെല്ലാക്രമണം നടക്കുന്നുണ്ട്"
യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രൈനിലെ സുമി നഗരത്തിൽ കുടുങ്ങിയ ഒരു പറ്റം ഇന്ത്യൻ വിദ്യാർഥികളുടെ കരളലയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പ്രധാനമന്ത്രിയോട് സഹായമഭ്യർഥിക്കുന്ന വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
"മോദിജി ഞങ്ങളെ രക്ഷപ്പെടുത്താൻ ഇതുവരെ ആരും ഇടപെട്ടിട്ടില്ല. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ചിലർ സുമിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. പക്ഷെ ഇപ്പോൾ അവരൊക്കെ വെടിയേറ്റ് മരിച്ചുവെന്ന് കേള്‍ക്കുന്നു. ഇന്ത്യന്‍ ഗവർമെന്‍റ് ഞങ്ങളെ രക്ഷിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. റഷ്യൻ അതിർത്തിയിൽ ഞങ്ങൾക്കായി ബസ്സുകൾ കാത്തിരിക്കുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ അതിർത്തിയിലേക്ക് ഇവിടെ നിന്ന് 50 കിലോമീറ്ററോളമുണ്ട്. ഹോസ്റ്റലിൽ നിന്ന് ഞങ്ങൾ അതിർത്തിയിലേക്ക് നടന്നാൽ വെടിയേറ്റു മരിക്കുമെന്ന് ഉറപ്പാണ്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഇവിടെ ഷെല്ലാക്രമണം നടക്കുന്നുണ്ട്. മോദിജീ ഞങ്ങൾ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. ദയവ് ചെയ്ത് ഞങ്ങളെ രക്ഷിക്കൂ"-വിദ്യാര്‍ഥികള്‍ പറയുന്നു.
തങ്ങൾക്ക് കഴിക്കാൻ ഭക്ഷണവും വെള്ളവും ഇല്ലെന്നും ടോയ്‌ലെറ്റിൽ പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും വിദ്യാർഥികൾ വീഡിയോയില്‍ പറയുന്നു.
യുക്രൈൻ നഗരമായ സുമിയിൽ റഷ്യന്‍ ആക്രമണം രൂക്ഷമാണ്. മലയാളികളടക്കം അറുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തിന് സമീപം ഇന്ന് രാവിലെ സ്ഫോടനമുണ്ടായി. സ്ഫോടനം നേരിട്ട് കണ്ടെന്നും എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും വിദ്യാർഥികൾ പറയുന്നു. അറുനൂറോളം വിദ്യാർഥികളാണ് സുമിയിലെ ബങ്കറിൽ പ്രതീക്ഷ കൈവിടാതെ ഭീതിയുടെ മുൾമുനയിൽ കഴിയുന്നത്.
ഇനി ഈ കൂട്ടത്തിൽ എത്ര പേരുണ്ടാകുമെന്നറിയില്ല. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടുത്തണം. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ഭക്ഷണം തീരാറായി. പലരും കുഴഞ്ഞുവീഴുന്നുന്നു. പൈപ്പ് വെള്ളമാണ് കുടിക്കുന്നത്. പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കേണ്ടി വരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു...