India
indians evacuation from sudan
India

സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് ഡൽഹിയിലേക്ക്

Web Desk
|
26 April 2023 7:47 AM GMT

561 പേരെയാണ് മൂന്ന് ഘട്ടമായി ഇന്നലെ സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ചത്.

ജിദ്ദ: സൗദി അറേബ്യയുടെ സഹായത്തോടെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. 192 പേരാണ് ആദ്യ വിമാനത്തിലുള്ളത്. 561 പേരെയാണ് മൂന്ന് ഘട്ടമായി ഇന്നലെ സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ചത്.

ഇന്നലെ രാത്രി മൂന്ന് ഘട്ടമായാണ് സംഘർഷം നടക്കുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരെ സൗദിയിലെ ജിദ്ദയിലെത്തിച്ചത്. നാവിക സേനാ കപ്പലിൽ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളിലായി 278 പേരെയുമാണ് എത്തിച്ചത്. ഓപ്പറേഷൻ കാവേരി എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഉപയോഗിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ കപ്പലും വിമാനങ്ങളുമാണ്. ഒരു മണിക്കൂർ കൊണ്ട് വിമാനം സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി.

നിലവിൽ ഇന്ത്യക്കാരെല്ലാം താമസിക്കുന്നത് ഇന്ത്യൻ എംബസി സ്കൂളിലാണ്. ഇവിടെ നിന്നും മലയാളികളടക്കം 561 പേരെ ജിദ്ദയിൽ നിന്നും വിമാനത്തിൽ നാട്ടിലേക്ക് വരും മണിക്കൂറുകളിലെത്തിക്കും. ഇന്ത്യൻ സമയം വൈകീട്ട് 3.30ന് പുറപ്പെടുന്ന ആദ്യ വിമാനം ഡൽഹിയിൽ രാത്രിയിലെത്തും. പിന്നാലെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കുള്ളവരെയും എത്തിക്കും.

ജിദ്ദയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകുന്നത്. സുഡാനിൽ ഇന്ത്യക്കാരായ 3000 പേരാണുള്ളത്. ഇതിൽ സംഘർഷ ബാധിത പ്രദേശങ്ങളിലെ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. സൗദിയുടെ സഹകരണത്തോടെയാണ് ഓപ്പറേഷൻ കാവേരി പദ്ധതി യാഥാര്‍ഥ്യമായത്.

Related Tags :
Similar Posts