സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം കുത്തനെ കൂടി; 50% വർധന
|30500 കോടി രൂപയാണ് സ്വിസ് ബാങ്കുകളിലെ ഔദ്യോഗിക നിക്ഷേപം
ന്യൂഡൽഹി: സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ കമ്പനികളുടെയും വ്യവസായികളുടെയും നിക്ഷേപം 14 വർഷത്തെ ഉയർന്ന നിരക്കിൽ. 3.83 ബില്യൺ സ്വിസ് ഫ്രാങ്ക് (30500 കോടിയിലേറെ ഇന്ത്യൻ രൂപ) നിക്ഷേപമാണ് 2021ൽ ഇന്ത്യക്കാർക്കുള്ളതെന്ന് സ്വിറ്റ്‌സർലാൻഡ് സെൻട്രൽ ബാങ്ക് (എസ്.എൻ.ബി) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പറയുന്നു. 2020 അവസാനത്തിൽ 2.55 ബില്യൺ സ്വിസ് ഫ്രാങ്ക് (20700 കോടി രൂപ) ആയിരുന്നു ഇന്ത്യൻ നിക്ഷേപം.
തുടർച്ചയായ രണ്ടാം വർഷമാണ് നികുതിയിളവുകൾ ഏറെയുള്ള സ്വിസ് ബാങ്ക് നിക്ഷേപങ്ങളിൽ വർധന റിപ്പോർട്ടു ചെയ്യുന്നത്. ഒരു വർഷത്തിനിടെ മാത്രം പതിനായിരം കോടി രൂപയാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ നിക്ഷേപിക്കപ്പെട്ടത്. വ്യക്തികൾ നേരിട്ടും കമ്പനികളുടെ ഇന്ത്യൻ ശാഖകളുടെ പേരിലുമാണ് പ്രധാനമായും നിക്ഷേപം.
ഉപഭോക്താക്കളുടെ പേരിൽ 602.03 ദശലക്ഷവും മറ്റു ബാങ്കുകൾ വഴി 1,225 ദശലക്ഷവും ട്രസ്റ്റുകൾ വഴി 3 ദശലക്ഷം സ്വിസ് ഫ്രാങ്കും നിക്ഷേപിച്ചിട്ടുണ്ട്. കടപ്പത്രങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ 2002 ദശലക്ഷം ഫ്രാങ്കും നിക്ഷേപമായുണ്ട്.
2006ൽ 6.5 ബില്യൺ സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാണ് ഇന്ത്യക്കാർക്കുണ്ടായിരുന്നത്. പിന്നീട് അത് താഴേക്കു പോകുന്ന പ്രവണതയായിരുന്നു. എന്നാൽ 2011, 2013, 2017, 2020, 2021 വർഷത്തിൽ നിക്ഷേപം മുകളിലോട്ടാണെന്ന് സ്വിസ് നാഷണൽ ബാങ്ക് ഡാറ്റ പറയുന്നു. ഇന്ത്യക്കാർ സ്വിസ് ബാങ്കുകളിൽ സൂക്ഷിക്കുന്ന പണത്തിന്റെ ഔദ്യോഗിക കണക്കു മാത്രമാണിത്. ഏറെ ചർച്ച ചെയ്യപ്പെട്ട കള്ളപ്പണത്തിന്റേതല്ല.