അടിയന്തരാവസ്ഥ മുതല്‍ ഇന്ത്യാക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ശ്രദ്ധിച്ചില്ല; രാജ്യത്തെ ബാധിക്കുമെന്ന് നാരായണ മൂര്‍ത്തി
|മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മൂര്‍ത്തി
ഡല്‍ഹി: അടിയന്തരാവസ്ഥാ കാലം മുതല്‍ ഇന്ത്യാക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ ശ്രദ്ധിച്ചില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി. ഇത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടി. "അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ നമ്മൾ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ അസ്ഥിരമാക്കാനുള്ള അപകടസാധ്യത ഉയർത്തുന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു യഥാർത്ഥ പ്രൊഫഷണലിൻ്റെ ഉത്തരവാദിത്തം രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകലാണെന്നും മൂർത്തി ഊന്നിപ്പറഞ്ഞു.
“ഈ സംഭാവന ഉയർന്ന അഭിലാഷങ്ങൾ, വലിയ സ്വപ്നങ്ങൾ, ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള കഠിനാധ്വാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു,” ഇൻഫോസിസ് സഹസ്ഥാപകൻ പറഞ്ഞു. "ഒരു തലമുറ അടുത്തവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. എൻ്റെ പുരോഗതിക്കായി എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിൻ്റെ തെളിവാണ് ഇവിടെ മുഖ്യാതിഥിയായി എത്തിയിരിക്കുന്ന ഞാന്‍", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.