India
ബുള്‍ഡോസര്‍ രാജ്: രണ്ട് വര്‍ഷത്തിനിടെ തകര്‍ത്തത് ഒന്നരലക്ഷം വീടുകള്‍, ഭവനരഹിതരായത് ഏഴര ലക്ഷം പേര്‍
India

ബുള്‍ഡോസര്‍ രാജ്: രണ്ട് വര്‍ഷത്തിനിടെ തകര്‍ത്തത് ഒന്നരലക്ഷം വീടുകള്‍, ഭവനരഹിതരായത് ഏഴര ലക്ഷം പേര്‍

Web Desk
|
23 July 2024 9:08 AM GMT

രാജ്യത്തെ 1.68 ദശലക്ഷത്തിലധികം ആളുകളെയാണ് ആറ് വര്‍ഷത്തിനുള്ളില്‍ ആസൂത്രിതമായി കുടിയൊഴിപ്പിച്ചത്

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഭരണകൂടങ്ങളുടെ ബുള്‍ഡോസര്‍ രാജ് തകർത്തെറിഞ്ഞത് ഒന്നരലക്ഷം വീടുകള്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഏഴര ലക്ഷം പേരാണ് ഭവനരഹിതരായത്. അവരിലേറെയും മുസ്‌ലിംകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണെന്നാണ് കണക്കുകൾ. ഒരു മനുഷ്യായുസിലെ മുഴുവന്‍ സമ്പാദ്യവും അധ്വാനവുമാണ് ഭരണകൂട വേട്ടയിൽ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് നഷ്ടമായതെന്ന് കണക്കുകൾ പറയുന്നു. വീടെന്ന സുരക്ഷിതത്വം മാത്രമല്ല, മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട ഏഴര ലക്ഷം പേരാണ് തെരുവുകളിലും, പ്ലാസ്റ്റിക് ടെന്റുകളിലും കഴിയുന്നത്.

കൊടും ചൂടിലും, മഴയിലും കടുത്ത തണുപ്പിലും തെരുവുകളില്‍ കഴിയേണ്ടി വന്ന പലരും അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങി. മണ്ണുമാന്തി യന്ത്രങ്ങളുമായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചയുമെത്തിയ ഉദ്യോഗസ്ഥര്‍ മാറിയുടുക്കാനുള്ള വസ്ത്രങ്ങള്‍ എടുക്കാനോ, ഭക്ഷണം കഴിക്കാനൊരു പാത്രം എടുക്കാനോ അനുവദിക്കാതെ എല്ലാം ഇടിച്ചു നിരത്തുകയായിരുന്നു.

പലയിടങ്ങളിലും നിയമപരമായ യാതൊരു നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല. വീടും കിടപ്പാടവും നഷ്ടമായവരുടെ പുനരധിവാസം, പൊളിക്കാന്‍ ഉത്തരവിട്ട സര്‍ക്കാരുകളുടെ അജണ്ടയിലേ ഉണ്ടായില്ല. വീടുകള്‍ മാത്രമായിരുന്നില്ല, പലരുടെയും വരുമാനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു തകര്‍ത്തത്. വീടിനോട് ചേര്‍ന്ന കടമുറികളും, വീടുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന ചെറുകിട കച്ചവടങ്ങളുമൊക്കെ അവര്‍ മണ്ണിനടിയിലാക്കി. ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയ ഇടങ്ങളിലെല്ലാം ആസൂത്രിതവും ദുരൂഹവുമായ നീക്കമാണ് ഭരണകൂടം നടത്തിയതെന്ന പരാതി വ്യാപകമായി ഉയർന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ പത്തിനാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ അക്ബര്‍നഗര്‍ വലിയൊരു കുടിയൊഴിപ്പിക്കലിന് സാക്ഷിയായത്. നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണി മൂന്നാംതവണ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് നടന്ന ആദ്യത്തെ ബുള്‍ഡോസര്‍ രാജുകളിലൊന്നായിരുന്നു യു.പിയിൽ നടന്നത്. ആയിരത്തിലധികം വീടുകളും നൂറ് കണക്കിന് കച്ചവടസ്ഥാപനങ്ങളുമാണ് പത്തോളം ജെ.സി.ബികള്‍ മണിക്കൂറുകള്‍കൊണ്ട് ഇടിച്ച് നിരത്തിയത്. ബി.ജെ.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1,169 വീടുകളും 101 കച്ചവടസ്ഥാപനങ്ങളും ഉള്‍പ്പടെ 1,800 ഓളം കെട്ടിടങ്ങൾ തകര്‍ത്തെന്നാണ് കണക്കുകൾ പറയുന്നത്.

പ്രദേശത്തുകൂടി കടന്നുപോകുന്ന നദിയോട് ചേര്‍ന്ന് റിവര്‍ ഫ്രണ്ട് ഇക്കോടൂറിസം ഹബ്ബുണ്ടാക്കാനാണ് കുടിയൊഴിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ വികസന അതോറിറ്റി രൂപീകരിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പെ അവിടെ തലമുറകളായി താമസിക്കുന്നവരെയാണ് വീടുകള്‍ തകര്‍ത്ത് സര്‍ക്കാർ ദിവസങ്ങൾക്കുള്ളിൽ കുടിയൊഴിപ്പിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. കെട്ടിടങ്ങളെല്ലാം കൈയേറ്റമാണെന്ന വാദമാണ് സർക്കാർ നിരത്തിയത്. ഭൂമാഫിയകളും റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരും ചേര്‍ന്ന് നദിയുടെ തീരപ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്നും ഭരണകൂടം പറയുന്നു.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സമാനമായ രീതിയിൽ ആസൂത്രിതമായ ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയിരുന്നു. മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയില്‍, റഫ്രിജറേറ്ററില്‍ ബീഫ് കണ്ടെത്തിയെന്ന് ആരോപിച്ച് ജൂണ്‍ 15 ന് മുസ്‌ലിംകളുടെ 11 വീടുകളാണ് തകര്‍ത്തത്. മെയ് ആറിനാണ് മുംബൈ പവായിലെ ദലിത് ബസ്തി (സെറ്റില്‍മെന്റ്) ആയ ജയ് ഭീം നഗറിലെ 600 ഓളം കിടപ്പാടങ്ങൾ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തകര്‍ത്തത്. 3,500 ആളുകളാണ് ഭവനരഹിതരായത്. നടപ്പാതകളിലാണ് കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ നിലവിൽ താമസിക്കുന്നത്. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊന്നും അര്‍ഹമായ പുനരധിവാസ പദ്ധതികളോ പാക്കേജുകളോ സര്‍ക്കാര്‍ പ്രഖ്യാപിക്കാറില്ലെന്നതാണ് സങ്കടകരം. താമസിക്കാനൊരിടം ഉണ്ടോ എന്ന് പോലും സർക്കാർ അന്വേഷിക്കാറില്ലെന്നതാണ് വസ്തുത. ആസൂത്രിതമായ ആട്ടിപ്പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് ബുള്‍ഡോസര്‍ രാജുകള്‍ക്ക് പിന്നിലുള്ളതെന്ന് സാമൂഹിക പ്രവർത്തകർ വിലയിരുത്തുന്നു.

അവസാനിക്കാത്ത കുടിയൊഴിപ്പിക്കലുകള്‍

ഹൗസിംഗ് ആന്‍ഡ് ലാന്‍ഡ് റൈറ്റ്സ് നെറ്റ് വർക്കിന്റെ (എച്ച്.എല്‍.ആര്‍.എന്‍) 2024 ലെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ 2022 ലും 2023 ലുമായി 1,53,820 വീടുകള്‍ തകർത്ത് ജനങ്ങളെ കുടിയൊഴി​പ്പിച്ചെന്ന് വ്യക്തമാക്കുന്നു. 7,38,438 ലധികം ആളുകളാണ് ഭവനരഹിതരായതെന്നും കണക്കുകള്‍ പറയുന്നു. 2017 മുതല്‍ 2023 വരെ ഗ്രാമങ്ങളും നഗരപ്രദേശങ്ങളും കേന്ദ്രീകരിച്ച് എച്ച്.എല്‍.ആര്‍.എന്‍ സമാഹരിച്ച കണക്കുകള്‍ പറയുന്നത് രാജ്യത്ത് വ്യാപകമാകുന്ന കുടിയൊഴിപ്പിക്കലിനെ പറ്റിയാണ്. രാജ്യത്തെ 1.68 ദശലക്ഷത്തിലധികം ആളുകളെയാണ് ആറ് വര്‍ഷത്തിനുള്ളില്‍ കുടിയൊഴിപ്പിക്കല്‍ ബാധിച്ചത്. 2019 ല്‍ 1,07,625 പേരെയാണ് കുടിയൊഴിപ്പിച്ചത്. 2022 ല്‍ അത് 2,22,686 ആയി. 2023 ല്‍ 5,15,752 ആയി കുതിച്ചുയര്‍ന്നു.

കുടിയൊഴിപ്പിക്കലിനായി ഭരണകൂടം നിരത്തുന്ന വാദങ്ങളിൽ പോലും സംശയവും ആശങ്കയും സാമൂഹിക പ്രവർത്തകർ ഉയര്‍ത്തുന്നുണ്ട്. മുമ്പ് നഗരവികസനമെന്ന പേരിലാണ് കുടിയൊഴിപ്പിക്കലുകള്‍ നടന്നിരുന്നതെങ്കില്‍ ഇന്നത് രാഷ്ട്രിയ, മത, വർഗീയ താല്‍പര്യങ്ങളാലാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചേരി, ഭൂമിയൊഴിപ്പിക്കൽ, നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയവയുടെ മറവിലാണ് 59 ശതമാനം കുടിയൊഴിപ്പിക്കല്‍ നടന്നത്. ഇതിനൊപ്പം അടിസ്ഥാന വികസനം, സ്മാര്‍ട്ട് സിറ്റി സംരംഭങ്ങള്‍, പരിസ്ഥിതി, വനം വന്യജീവി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ വികസന പദ്ധതികള്‍ക്കായായി നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് കാരണമായിട്ടുണ്ട്. സാധാരണക്കാരും ദുർബലരുമായ ആളുകളാണ് പുറത്താക്കപ്പെട്ടവരിലേറെയും.

ബുള്‍ഡോസര്‍ രാജ് എന്ന 'ശിക്ഷ'

കള്ളക്കേസുകളിൽ പ്രതികളായ നിരപരാധികളുടെ വീടുകള്‍ പോലും ഭരണകൂടം ഇടിച്ച് നിരത്തി. 2023ല്‍ മധ്യപ്രദേശിലെ ഖാര്‍ഗോണിലെ ജിരാപൂര്‍ ഗ്രാമത്തില്‍ ഇത്തരത്തില്‍ നിരവധി പൊളിക്കലുകളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഉത്തര്‍പ്രദേശില്‍ പ്രയാഗ് രാജ്, സഹാറന്‍പൂര്‍, ഹരിയാനയിൽ നൂഹ്, ഡല്‍ഹിയില്‍ ജഹാംഗീര്‍പുരി എന്നിവിടങ്ങളില്‍ വീട് തകർത്ത് നടത്തിയ കുടിയൊഴിപ്പിക്കലുൾക്ക് പിന്നിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുകയാണ് നടന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, ഇവിടെയൊക്കെ പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് കുടിയൊഴിപ്പിക്കൽ നടന്നതെന്ന് സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ആസൂത്രിതമായ നീക്കങ്ങൾ ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു.

2022 ഏപ്രില്‍ 20-ന് ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ പള്ളികള്‍ക്ക് മുന്നില്‍ ഒരുവിഭാഗം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ തുടര്‍ന്നാണ് ജഹാംഗീര്‍പുരിയില്‍ വര്‍ഗീയ സംഘര്‍ഷം ഉടലെടുക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരും പൊലീസും ചേര്‍ന്ന് 25 ഓളം കടകളും വീടുകളും കൈയേറ്റം ആരോപിച്ച് പൊളിച്ച് നീക്കി. മുസ്‍ലിംകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളുമായിരുന്നു പൊളിച്ചതെല്ലാം.

മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ 2022 ഏപ്രിലില്‍ രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വര്‍ഗീയ കലാപത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച ഒരു വീട് ഉള്‍പ്പെടെ മുസ്‌ലിംകളുടെ 16 വീടുകളും 29 കടകളും തകര്‍ത്തത്. കേസുകൾ എടുത്തതിന്റെ പേരിൽ പൗരന്റെ വീടും സ്വത്തുക്കളും പൊളിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തിലില്ലെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത് വ്യാപകമാണെന്ന് കണക്കുകള്‍ പറയുന്നു. പലയിടങ്ങളിലും നടന്ന കുടിയൊഴിപ്പിക്കലിന് പിന്നില്‍ വര്‍ഗീയ അജണ്ട വ്യക്തമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെയാണ് പൊളിക്കലുകള്‍ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലക്ഷ്യം മുസ്‍ലിംകളുടെ വീടുകൾ

ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഭരണകൂടത്തിന്റെ മുസ്‌ലിം വേട്ടയുടെ ‘പുതിയ മോഡലിനെയാണ്’. ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മുസ്ലിംകള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് പ്രധാനമായും പൊളിച്ചുനീക്കലുകള്‍ നടക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തൊട്ടടുത്തുള്ള ഹിന്ദു ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പൊളിച്ചുനീക്കലില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. 'ബുള്‍ഡോസര്‍ നീതി' എന്ന പേരില്‍ ഭരണകൂടം മുസ്‌ലിംകളുടെ സ്വത്തുക്കള്‍ തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നത് ക്രൂരമായ അനീതിയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറയുന്നു. ഇത്തരം പുറത്താക്കലുകള്‍ അന്യായവും നിയമവിരുദ്ധവും വിവേചനപരവുമാണെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

മുസ്‍ലിംകളുടെ വീടുകളിലേക്ക് ബുൾഡോസറുകൾ അയക്കുന്നതിൽ പ്രത്യക്ഷമായോ പരോക്ഷമായോ അനുകൂല നിലപാടെടുക്കുന്ന നിരവധി ഉദ്യോഗസ്ഥര്‍ സർക്കാർ മേഖലയിലുണ്ട്. രാഷ്ട്രീയ പിന്തുണയോടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപകമായി പൊളിക്കലുകള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതൽ ബുൾഡോസർ രാജ് നടക്കുന്നത് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് സർക്കാരിന്റെ നേതൃത്വത്തിലാണ്. 'ബുള്‍ഡോസര്‍ ബാബ' എന്നാണ് അദ്ദേഹത്തെ ചിലർ വിശേഷിപ്പിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുസ്‌ലിംകളുടെ താമസസ്ഥലങ്ങളില്‍ ആക്രമോത്സുകതയോടെയാണ് ബുള്‍ഡോസര്‍ രാജ് നടപ്പായതെന്ന് ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. എച്ച്.എല്‍.ആര്‍.എന്നിന്റെ ഡാറ്റ അനുസരിച്ച് രാജ്യത്ത് നടന്ന ബുള്‍ഡോസര്‍ രാജുകളിലേറെയും ഇരയായത് മുസ്‌ലിംകളാണെന്ന് കണക്കുകള്‍ പറയുന്നു. പൊളിക്കപ്പെട്ടവയില്‍ 44 ശതമാനവും മുസ്‌ലിംകളുടെ വീടുകളും സ്വത്തുക്കളുമാണ്. തൊട്ടുപിന്നില്‍ പട്ടികവര്‍ഗക്കാരും ആദിവാസി, ഗോത്രവര്‍ഗ വിഭാഗങ്ങളിലുള്ളവരുമാണ്. 23 ശതമാനമാണ് അവരുടെ കണക്ക്. മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ 17 ശതമാനമാണ്. അഞ്ച് ശതമാനമാണ് പട്ടികജാതിക്കാര്‍.

സർക്കാർ നടപടികൾക്കും മറ്റും ഉദ്യോഗസ്ഥർ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമോ അതിരാവിലെയോ വരാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുട്ട് പരന്നാലാണ് ഒരു നോട്ടീസ് പോലും നൽകാതെ ബുൾഡോസറുകളുമായി പൊളിക്കാൻ ​ അധികൃതർ എത്തുന്നത്. ഇരുട്ടുപരന്നാല്‍ ഭയമാണ്. ജെ.സി.ബിയുടെ മുരള്‍ച്ച കുട്ടികളെ പോലും ഭയപ്പെടുത്തുന്നു. നിയമപരമായ സാധ്യതകള്‍ അന്വേഷിക്കാന്‍ പോലും അവസരം നല്‍കാതെയാണ് പൊളിക്കലുകള്‍ നടക്കുന്നതെന്ന് വീടുകൾ നഷ്ടമായവർ പറയുന്നു. സ്‌റ്റേ ഉത്തരവുകള്‍ ഉണ്ടെന്ന് പറഞ്ഞാൽ പോലും അത് അവഗണിച്ചാണ് പലയിടങ്ങളിലും പൊളിക്കല്‍ നടക്കുന്നതെന്നും അവർ പറയുന്നു.

Similar Posts