ഇന്ത്യയില്‍ ഒരു മാസത്തിനിടെ ആദ്യമായി കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
|ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 83,876 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ജനുവരി ആറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കാത്തത്. ആകെ മരണം 5,02,874 ആയി.
11,08,938 സജീവ കേസുകളാണ് നിലവിലുള്ളത്. കോവിഡ് രോഗമുക്തി നിരക്ക് 96.19 ശതമാനമായി ഉയര്‍ന്നു. 1,99,054 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് മുക്തരുടെ എണ്ണം 4,06,60,202 ആയി. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പല സംസ്ഥാനങ്ങളിലും സ്കൂളുകള്‍ തുറന്നു.
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. കഴിഞ്ഞ ദിവസം 1410 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആര്‍ 2.45 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്നലെ 9666 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,03,700 ആയി. 1,43,074 പേര്‍ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു മരിച്ചു. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 169.63 കോടി ഡോസ് വാക്സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു.