ഒന്നു തൊട്ടാല്‍ മതി കയ്യിലെത്തും ചൂടുള്ള ബിരിയാണി; ഇത് ചെന്നൈയിലെ ബിരിയാണി എടിഎം
|ചെന്നൈയില്‍ എടിഎമ്മില്‍ നിന്നും പണമെടുക്കുന്നതുപോലെ ടച്ച് സ്ക്രീനില്‍ നിര്‍ദേശം നല്‍കിയാല്‍ ബിരിയാണിയും വാങ്ങാം
ചെന്നൈ: എടിഎമ്മില്‍ നിന്നും പൈസ എടുക്കുന്നതുപോലെ ഇഡ്ഡലിയും ചായയുമൊക്കെ കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ട്. എന്നാല്‍ അവിടെയൊന്നും ബിരിയാണി കിട്ടില്ലല്ലോ എന്ന ചോദ്യം ഇനി വേണ്ട. ചെന്നൈയില്‍ എടിഎമ്മില്‍ നിന്നും പണമെടുക്കുന്നതുപോലെ ടച്ച് സ്ക്രീനില്‍ നിര്‍ദേശം നല്‍കിയാല്‍ ബിരിയാണിയും വാങ്ങാം.
ചെന്നൈ കൊളത്തൂരിലെ ഭായ് വീട്ടുകല്യാണം(ബിവികെ ബിരിയാണി) എന്ന സ്റ്റാര്‍ട്ടപ്പാണ് പുതിയ സംരംഭം തുടങ്ങിയത്. ഉപഭോക്താക്കൾക്ക് മെനു പരിശോധിച്ച് ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് 32 ഇഞ്ച് ഡിസ്‌പ്ലേകൾ ഉൾക്കൊള്ളുന്ന ടച്ച്സ്ക്രീനോടു കൂടിയ കിയോസ്കുകള്‍ ഇവിടെയുണ്ട്. ബിവികെ ബിരിയാണി ഔട്ട്‌ലെറ്റിൽ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌തോ കാർഡുകൾ ഉപയോഗിച്ചോ ഉപഭോക്താക്കൾക്ക് ഓർഡറുകൾക്ക് പണം നൽകാനുള്ള സൗകര്യമുണ്ട്.ഓർഡറുകൾ നൽകിക്കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ തയ്യാറായിക്കഴിഞ്ഞാൽ ടച്ച്‌സ്‌ക്രീനുകളിലെ "ഓപ്പൺ ഡോർ" ഫീച്ചർ തെരഞ്ഞെടുത്ത് ഭക്ഷണം വാങ്ങാം.
കല്‍ക്കരിയും വിറകും ഉപയോഗിച്ചാണ് ഇവിടെ ബിരിയാണി പാകം ചെയ്യുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ബിരിയാണിയുടെ യഥാര്‍ഥ രുചിക്കായി മാംസത്തിനും പച്ചക്കറികൾക്കുമൊപ്പം പരമ്പരാഗത ബസ്മതി അരിയും ഉപയോഗിക്കുന്നതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.220 രൂപ മുതൽ 449 രൂപ വരെയാണ് ബിരിയാണിയുടെ വില. ബിവികെ ബിരിയാണി മെനുവിൽ മട്ടൺ പായ, ഇടിയപ്പം, പെറോട്ട, ഹൽവ തുടങ്ങിയ വിവിധ ഓപ്ഷനുകളുമുണ്ട്.
മറ്റു പല സ്റ്റാർട്ടപ്പുകളും ഓട്ടോമേറ്റഡ് ഫുഡ് സർവീസിന്റെ സാധ്യതകൾ ആരായുകയാണ്. അടുത്തിടെ ബെംഗളൂരുവിലും ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിന്‍റെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍. ദിവസവും മുഴുവന്‍ ഇഡ്ഡലി ലഭിക്കുമെന്നാണ് ഇതിന്‍റെ പ്രത്യേകത.മെനുവില്‍ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉള്‍പ്പെടുന്നു. വെന്‍ഡിംഗ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഓര്‍ഡര്‍ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ വൃത്തിയായി പാക്ക് ചെയ്ത ഇഡ്ഡലി നമ്മുടെ കൈകളിലെത്തും.