മങ്കിപോക്സ് ഇനി വേഗത്തിൽ കണ്ടെത്താം; ആർടിപിസിആർ കിറ്റ് പുറത്തിറക്കി
|തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധനാ കിറ്റാണ് ഇത്
വിശാഖപട്ടണം: മങ്കിപോക്സ് പരിശോധനയെ കുറിച്ച് ഇനി ആശങ്കകൾ വേണ്ട. രോഗം പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ആർടിപിസിആർ കിറ്റ് പുറത്തിറക്കി. ട്രാൻസാഷിയാ ബയോ മെഡിക്കൽസ് വികസിപ്പിച്ച കിറ്റ് ആന്ധ്രാപ്രദേശ് മെഡ് ടെക് സോണാണ് പുറത്തിറക്കിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധനാ കിറ്റാണ് ഇത്. 'ട്രാൻസാഷിയ ഏർബ മങ്കിപോക്സ് ആർ ടി പി സി ആർ കിറ്റ്' എന്നാണ് ആർടിപിസിആർ കിറ്റിന്റെ പേര്. കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവായ പ്രൊഫ.അജയ് കുമാർ സൂദ്, ഡോ. അരബിന്ദ് മിത്ര, ഐസിഎംആറിന്റെ മുൻ മേധാവി പ്രൊഫ. ബൽറാം ഭാർഗവ എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വൈറസ് വളരെ വേഗം തന്നെ ലോകരാജ്യങ്ങളിലേക്ക് പടരുകയായിരിക്കുന്നു.1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്പും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്പുണ്ടായിട്ടില്ല. കുരങ്ങുകളിൽ നിന്ന് മാത്രമല്ല കാട്ടിലെ മറ്റ് ജീവികളിൽ നിന്നും മങ്കി പോക്സ് മനുഷ്യരിലേക്ക് പകരാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 92 രാജ്യങ്ങളിലായി 35,000ലധികം മങ്കി പോക്സ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ 12 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടനാ മേധാവി ആഗസ്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
പനി,തലവേദന,പേശീവേദന,നടുവേദന,കുളിര്,തളര്‍ച്ച,ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മങ്കിപോക്സിന് പ്രത്യേകമായി ചികിത്സയില്ല എന്നതാണ് സത്യം. വൈറല്‍ അണുബാധകള്‍ക്കെതിരെ നല്‍കിവരുന്ന ചില മരുന്നുകള്‍ ഇതിനും ഫലപ്രദമാണെന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ചിക്കൻപോക്സ് വാക്സൻ ഒരു പരിധി വരെ മങ്കിപോക്സിനെ പ്രതിരോധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.