ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും യു.പി.ഐ പേയ്മന്റ്; ആയിരം വാക്കുകളേക്കാൾ വിലയുള്ള ചിത്രമെന്ന് ആനന്ദ് മഹീന്ദ്ര
|ഇത് ഡിജിറ്റൽ ഇന്ത്യയുടെ വഴിത്തിരിവാണെന്ന് കമന്‍റ്
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാട് സർവസാധാരണമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ഡിജിറ്റൽ ഇടപാടുകൾ എല്ലായിടത്തുമുണ്ട്. ചെറുതും വലുതുമായ കടകളിൽ ക്യു ആർ കോഡുകൾ സ്‌കാൻ ചെയ്താൽ പണം കൈമാറാൻ സാധിക്കും. ഇപ്പോഴിതാ ഇന്ത്യയിലെ അവസാനത്തെ ചായക്കടയിലും ഡിജിറ്റൽ പേയ്മന്റ് സംവിധാനം എത്തിയിരിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഒരു ട്വിറ്റർ ഉപയോക്താവാണ് ഈ വിവരം പങ്കുവെച്ചത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10,500 അടി ഉയരത്തിൽ ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തിലാണ് ഈ ചായക്കട സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ അവസാനത്തെ ചായക്കട എന്നു തന്നെയാണ് കടക്ക് ഇവർ നൽകിയിരിക്കുന്ന പേരും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യവും ഇവിടെയുണ്ടെന്നായിരുന്നു ട്വീറ്റ്. ഇപ്പോഴിതാ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ഈ ട്വീറ്റ് റീഷെയർ ചെയ്തിരിക്കുകയാണ്.
'എല്ലാവരും പറയും പോലെ ഒരു ചിത്രം 1000 വാക്കുകളേക്കാൾ വിലയുള്ളതാണ്.ഈ ചിത്രം ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റിന്റെ സാധ്യതയും വ്യാപ്തിയും കാണിക്കുന്നു, ജയ് ഹോ!' എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ട്വീറ്റ് റീ ഷെയർ ചെയ്തിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വീറ്റ് വൈറലായി. നിരവധി പേരാണ് ട്വീറ്റ് ഷെയർ ചെയ്തത്. 'സാങ്കേതികവിദ്യ അവസാന മൈലിൽ എത്തിയിരിക്കുന്നു', 'ഇത് ഡിജിറ്റൽ ഇന്ത്യയുടെ വലിയ വഴിത്തിരിവാണ്, എല്ലാ പൗരന്മാരിലേക്കും എത്താൻ കഴിയുന്നതിൽ അഭിമാനം, 'ഇതൊരു വിപ്ലവമാണ്, ഞങ്ങളുടെ ചെലവ് രീതി പൂർണ്ണമായും മാറ്റി' തുടങ്ങിയ നിരവധി കമന്റുകളാണ് ട്വീറ്റിന് ലഭിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഇന്ത്യയുടെ അവസാനത്തെ ചായക്കട സ്ഥിതി ചെയ്യുന്നത്. ഇത് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഇന്ത്യയിലെ അവസാനത്തെ ചായക്കടയിൽ നിന്ന് ചായകുടിക്കാൻ നിരവധി സഞ്ചാരികളെ എത്തുന്നത്.