India
ഒമിക്രോൺ കണ്ടെത്താൻ ഇന്ത്യയുടെ ഒമിഷുവർ; ടെസ്റ്റിങ് കിറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
India

ഒമിക്രോൺ കണ്ടെത്താൻ ഇന്ത്യയുടെ ഒമിഷുവർ; ടെസ്റ്റിങ് കിറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Web Desk
|
6 Jan 2022 5:23 AM GMT

നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാന്‍ വികസിപ്പിച്ചെടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സും ഐ.സി.എം.ആറും ചേര്‍ന്നാണ് ഒമിഷുവര്‍ എന്ന പരിശോധന കിറ്റ് വികസിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ ഒമിക്രോണ്‍ പരിശോധനക്കിറ്റാണിത്.

രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം പരിശോധിച്ച് അതില്‍ ഒമിക്രോണ്‍ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് ഒമിഷുവര്‍ ഉപയോഗിക്കുക. എല്ലാ സ്റ്റാന്‍ഡേര്‍ഡ് റിയല്‍ടൈം പി.സി.ആര്‍. മെഷീനുകളിലും ഇത് ഉപയോഗിക്കാനാകും. നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. 85 മിനിറ്റാണ് ഒമിഷുവര്‍ ഉപയോഗിക്കുന്നതിനുള്ള സമയം. രോഗിയില്‍ നിന്നുള്ള സാംപിള്‍ ശേഖരണം, ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ തുടങ്ങി മൊത്തത്തില്‍ ഫലം വരാന്‍ ആകെ 130 മിനിറ്റാണ് വേണ്ടിവരിക.


നിലവില്‍ ജനിതകശ്രേണീകരണം (ജീനോം സീക്വന്‍സിങ്)നടത്തി മാത്രമാണ് ഒമിക്രോണ്‍ രോഗികളെ തിരിച്ചറിയാനാവുന്നത്. എന്നാല്‍ ഈ ടെസ്റ്റ് നിലവില്‍ വരുന്നതോടെ ജനിതകശ്രേണീകരണം എന്ന ഘട്ടം ഒഴിവാകും. എസ്. ജീന്‍ ഡ്രോപ്ഔട്ട്/ എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയര്‍(എസ്.ജി.ടി.എഫ്.), എസ്.ജീന്‍ മ്യൂട്ടേഷന്‍ ആംപ്ലിഫിക്കേഷന്‍ (എസ്.ജി.എം.എ.) എന്നീ രീതികളിലൂടെയാണ് ഒമിഷുവര്‍ ടെസ്റ്റ് കിറ്റ് വഴി പരിശോധിക്കുന്നത്. നിലവില്‍ ലോകത്തെല്ലാം ഒന്നുകില്‍ എസ്.ജി.ടി.എഫ്. അല്ലെങ്കില്‍ എസ്.ജി.എം.എ. ആണ് നടത്തുന്നത്. എന്നാല്‍ ഒമിഷുവര്‍ ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ച് ചേര്‍ത്ത് നടത്തുന്നു.


ജനുവരി 12 മുതല്‍ കിറ്റ് വിപണിയിലെത്തിയേക്കും. 250 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച് ടാറ്റയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. മരുന്ന് വില്‍പനയ്ക്കുള്ള ലൈസന്‍സിനായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ(സി.ഡി.എസ്.സി.ഒ.) സമീപിച്ചിട്ടുണ്ട്. അനുമതി കിട്ടുന്ന മുറയ്ക്ക് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിലുള്ള യൂണിറ്റില്‍ കമ്പനി കിറ്റുകളുടെ നിര്‍മാണം ആരംഭിക്കും. കിറ്റ് ആഭ്യന്തര-അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.

Similar Posts