India
Savitri Jindal
India

2.81 ലക്ഷം കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും ധനിക; ഹരിയാനയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സാവിത്രി ജിന്‍ഡാല്‍

Web Desk
|
13 Sep 2024 3:53 AM GMT

ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്‍റെ മാതാവ് കൂടിയാണ് സാവിത്രി ജിന്‍ഡാല്‍

ചണ്ഡീഗഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നയും ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡാല്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് സാവിത്രി ജനവിധി തേടുന്നത്. ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്‍റെ മാതാവ് കൂടിയാണ് സാവിത്രി ജിന്‍ഡാല്‍.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ അവസാന ദിവസമായ ഇന്നലെയായിരുന്നു സാവിത്രി പ്രതിക സമര്‍പ്പിച്ചത്. ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം. ഹരിയാന മന്ത്രിയും ഹിസാറിലെ സിറ്റിംഗ് എംഎൽഎയുമായ കമൽ ഗുപ്തയാണ് എതിര്‍സ്ഥാനാര്‍ഥി. ഹിസാറിന്‍റെ വികസനത്തിനും മാറ്റത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പത്രിക സമര്‍പ്പിച്ചതിനു ശേഷം ജിന്‍ഡാല്‍ പറഞ്ഞു. ''ഹിസാറിലെ ജനങ്ങൾ എൻ്റെ കുടുംബമാണ്, ഓം പ്രകാശ് ജിൻഡാൽ ഈ കുടുംബവുമായി എൻ്റെ ബന്ധം സ്ഥാപിച്ചു. ജിൻഡാൽ കുടുംബം എപ്പോഴും ഹിസാറിനൊപ്പമുണ്ടായിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ജീവിക്കാനും അവരുടെ വിശ്വാസം നിലനിർത്താനും ഞാൻ പൂർണമായും പ്രതിജ്ഞാബദ്ധയാണ്," അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹിസാർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി കമൽ ഗുപ്തയെ രംഗത്തിറക്കുമ്പോള്‍ ഭരണകക്ഷിക്കെതിരെ മത്സരിക്കുന്നത് കലാപമാകില്ലേയെന്ന് മാധ്യമപ്രവർത്തകർ സാവിത്രി ജിൻഡാലിനോട് ചോദിച്ചപ്പോള്‍ 'അതങ്ങനെ കാണണ്ട. എന്‍റെ മകന് വേണ്ടി മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. ഞാന്‍ ബിജെപിയില്‍ അംഗത്വമൊന്നും എടുത്തിട്ടില്ല'' അവര്‍ കൂട്ടിച്ചേര്‍ത്തു.

സാവിത്രിയുടെ ഭർത്താവും ജിൻഡാൽ ഗ്രൂപ്പ് സ്ഥാപകനുമായ ഓം പ്രകാശ് ജിൻഡാൽ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (1991, 2000, 2005) ഹിസാറിൽ നിന്ന് വിജയിച്ചിരുന്നു. 2005ൽ ഹെലികോപ്റ്റർ അപകടത്തിൽ മരിക്കുമ്പോൾ ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിലും മന്ത്രിയായിരുന്നു.ഭർത്താവിൻ്റെ മരണശേഷമാണ് സാവിത്രി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

ഹിസാര്‍ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ മത്സരിച്ച് ജയിച്ചിട്ടുണ്ട് സാവിത്രി. 2005-ൽ കോൺഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2009-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജിന്‍ഡാല്‍ 2013ല്‍ ഭൂപീന്ദര്‍ സർക്കാരിൽ മന്ത്രിയായിരുന്നു. 2014ല‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് നവീന്‍ ജിന്‍ഡല്‍ ഉള്‍പ്പെടെയുള്ള ജിന്‍ഡാല്‍ കുടുംബം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.

ഇക്കുറി നാമനിർദേശ പത്രികയിൽ സാവിത്രി നല്‍കിയ കണക്കുകള്‍ പ്രകാരം ആകെ ആസ്തി 270.66 കോടി രൂപയാണ്. 2009 ലെ തെരഞ്ഞെടുപ്പിൽ ആസ്തി 43.68 കോടി ആയിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് 113 കോടി വർദ്ധിച്ചു. ഫോബ്സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരയായ ഏക വനിത സാവിത്രിയാണ്‌. ഈ കഴിഞ്ഞ ആഗസ്തില്‍ ജിൻഡാൽ ഗ്രൂപ്പിൻ്റെ ആസ്തി 39.5 ബില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒന്നാം സ്ഥാനത്തേക്ക് സാവിത്രി എത്തി. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരില്‍ ഒരാളും സാവിത്രിയാണ്.

Similar Posts