India
അതിർത്തി സംഘർഷത്തിലും വ്യാപാരം തകൃതി; ചൈനയിൽനിന്നുള്ള ഇറക്കുമതി റെക്കോഡ് ഉയരത്തിൽ
India

അതിർത്തി സംഘർഷത്തിലും വ്യാപാരം തകൃതി; ചൈനയിൽനിന്നുള്ള ഇറക്കുമതി റെക്കോഡ് ഉയരത്തിൽ

Web Desk
|
14 Jan 2023 12:43 PM GMT

അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വേഗത്തിൽ സാധാരണ ഗതിയിലാകില്ല എന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പറഞ്ഞിരുന്നത്.

ബീജിങ്: ആത്മനിർഭർ ഭാരത് പദ്ധതിക്കിടയിലും ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി റെക്കോർഡ് ഉയരത്തിലെന്ന് ചൈനീസ് കസ്റ്റംസ് കണക്കുകൾ. 2022ൽ 118.5 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് അയൽരാജ്യത്തു നിന്ന് ഇന്ത്യയിലേക്കുണ്ടായത്- 2021നെ അപേക്ഷിച്ച് 21 ശതമാനം വർധന. ചൈനയുമായുള്ള വ്യാപാരക്കമ്മി ആദ്യമായി നൂറു ബില്യൺ ഡോളർ കടന്നിട്ടുമുണ്ട്.

ചൈനീസ് കസ്റ്റംസ് വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം 2022ലെ ഇന്ത്യ-ചൈന വ്യാപാരമൂല്യം 135.98 കോടി ഡോളറാണ് (പത്തുലക്ഷം കോടിയിലേറെ രൂപ). 2021ലെ 125.6 ബില്യൺ ഡോളറിൽനിന്ന് 8.4 ശതമാനം വർധന. ചൈനയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 118.5 ബില്യൺ ഡോളറാണ്. മുൻ വർഷം 97.5 ബില്യൺ ഡോളറും. 2021നെ അപേക്ഷിച്ച് 21.7 ശതമാനം വർധന. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 17.48 ബില്യൺ ഡോളറായി ചുരുങ്ങി. മുൻ വർഷം ഇത് 28.1 ബില്യൺ യുഎസ് ഡോളറായിരുന്നു- ഒരു വർഷത്തനിടെ 37.9 ശതമാനത്തിന്റെ കുറവ്.



101.02 ബില്യണാണ് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി. 2021ൽ ഇത് 69.38 ബില്യൺ ഡോളറായിരുന്നു. 2022ൽ ചൈനയുടെ ആകെ വിദേശവ്യാപാരം 6.25 ട്രില്യൺ ഡോളറിൽനിന്ന് 7.7 ട്രില്യൺ ഡോളറായി വർധിച്ചിട്ടുണ്ട്. ആസിയാൻ രാഷ്ട്രങ്ങളാണ് ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികൾ. 975.34 ബില്യൺ ഡോളറിന്റെ ചരക്കുകളാണ് ചൈന ആസിയാൻ രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. രണ്ടാമത് യൂറോപ്യൻ യൂണിയൻ. ആകെ മൂല്യം 847.32 ബില്യൺ ഡോളർ. 759.42 ബില്യൺ ഡോളർ മൂല്യവുമായി യുഎസാണ് മൂന്നാമത്.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വേഗത്തിൽ സാധാരണഗതിയിലാകില്ല എന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പാർലമെന്റിൽ പറഞ്ഞിരുന്നത്. യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാൻ ബീജിങ് ഏകപക്ഷീയമായ ശ്രമം നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം വ്യാപാരത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍‌.

2015-2020 കാലയളവിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ 75.30 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രതിവർഷ വര്‍ധന 12.55 ശതമാനം.

Summary: The trade deficit between india and china crossed $100 billion for the first time. While Indian imports increased to an all-time high, exports to Beijing fell sharply compared to last year.

Related Tags :
Similar Posts