കോവിഡ് അഴിമതിയെക്കുറിച്ച് വിവരാവകാശ അപേക്ഷ; ലഭിച്ചത് 48,000 പേജുള്ള മറുപടി, സർക്കാറിന് നഷ്ടം 80,000 രൂപ
|എസ്.യു.വി നിറയെ രേഖകളുമായാണ് ധർമേന്ദ്ര ശുക്ല വീട്ടിലെത്തിയത്
ഇൻഡോർ: കോവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യത്തിന് ലഭിച്ചത് 48,000 പേജുള്ള മറുപടി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കോവിഡ് മഹാമാരിക്കാലത്ത് മരുന്നുകൾ, ഉപകരണങ്ങൾ, അനുബന്ധ വസ്തുക്കൾ എന്നിവ വാങ്ങിയതിന്റെ ബില്ലുകളുടെ വിവരം ആവശ്യപ്പെട്ടാണ് ധർമേന്ദ്ര ശുക്ല എന്നയാളാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഇതിനുള്ള മറുപടിയാണ് ഇൻഡോറിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ 40,000 ത്തിലധികം പേജിൽ നൽകിയത്.
മറുപടിയായി ലഭിച്ച വിവരാവകാശ രേഖകൾ കൊണ്ടുപോകാൻ കാറുമായാണ് താൻ പോയതെന്ന് ധർമേന്ദ്ര ശുക്ല പറയുന്നു. മറുപടിയെല്ലാം വണ്ടിയിൽ കയറ്റിയപ്പോൾ ഡ്രൈവിങ് സീറ്റ് മാത്രമേ ഒഴിവുണ്ടായിരുന്നൊള്ളൂ എന്നാണ് ശുക്ല പറയുന്നത്.
അപേക്ഷ നൽകി ഒരു മാസത്തിനുള്ളിൽ മറുപടി ലഭിക്കാത്തതിനാൽ ശുക്ലക്ക് പണം അടക്കേണ്ടി വന്നിട്ടില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി 30 ദിവസത്തിനകം വിവരങ്ങൾ നൽകണം. ഒരു പേജിന് രണ്ടുരൂപ നിരക്കിലാണ് പണം നൽകേണ്ടത്. എന്നാൽ ഒരുമാസമായിട്ടും മറുപടിയും ലഭിക്കാത്തതോടെ അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് രേഖകൾ പണ ചിലവില്ലാതെ നൽകണമെന്ന് അപ്പീൽ ഓഫീസറായ ഡോ.ശരത് ഗുപ്ത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
കൃത്യസമയത്ത് വിവരങ്ങൾ നൽകാത്തതിനാൽ സർക്കാറിന് 80,000 രൂപ നഷ്ടപ്പെട്ടെന്നും ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അപ്പീൽ ഓഫീസർ ഗുപ്ത പറഞ്ഞു.