India
ജഹാംഗീർപുരി കുടിയൊഴിപ്പിക്കല്‍: ഇരകളെ സന്ദർശിച്ച് ഐ.എൻ.എൽ സംഘം
India

ജഹാംഗീർപുരി കുടിയൊഴിപ്പിക്കല്‍: ഇരകളെ സന്ദർശിച്ച് ഐ.എൻ.എൽ സംഘം

Web Desk
|
6 May 2022 2:02 PM GMT

ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്യമായ പഠനം നടത്തി ഐ.എൻ.എൽ സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ അറിയിച്ചു

ന്യൂഡൽഹി: കുടിയൊഴിപ്പിക്കലിന്റെ പേരിൽ ഡൽഹിയിലെ ജഹാഗീർപുരിയിൽ സംഘ്പരിവാർ നടത്തിയ ബുൾഡോസർരാജ് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്ന് ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. ജഹാംഗീർപുരിയില്‍ കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധ നിർമ്മാണങ്ങളാണ് പൊളിച്ചുനീക്കിയതെന്ന ഡൽഹി പ്രാദേശിക ഭരണകൂടത്തിന്റെ അവകാശവാദം ബാലിശമാണ്. ഈ നിർമ്മാണങ്ങൾക്ക് മുഴുവനും അനുമതി നൽകിയത് 15 വർഷമായി നോർത്ത് ഡൽഹി കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിയാണ്. ഇന്ത്യയിൽ സംഘ്പരിവാർ ആസൂത്രണം ചെയ്യുന്ന വംശഹത്യയുടെ ഭാഗമാണ് ജഹാംഗീർപുരിയിൽ നടന്നതെന്നത് അവിതർക്കിതമാണ്. ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ടവർക്ക് കൃത്യമായ പഠനം നടത്തി ഐ.എൻ.എൽ സാധ്യമായ സഹായങ്ങൾ ചെയ്യും. പൊലീസിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയവും നിയമവിരുദ്ധവുമായ നീക്കങ്ങളാണ് അനുഭവിക്കുന്നതെന്ന് ബുൾഡോസർരാജിന് ഇരകളായ നിരവധി പേർ ഐ.എൻ.എൽ പ്രതിനിധി സംഘത്തിന്റെ മുന്നിൽ വിശദീകരിച്ചു.

ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ കെട്ടിടങ്ങളും പ്രതിനിധി സംഘം സന്ദർശിച്ചു. ഐ.എൻ.എൽ കേരള പ്രസിഡന്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ, ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ, ദേശീയ സമിതി അംഗം അൻവർ സാദത്ത്, ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് റഫീ അഹമ്മദ് ഖാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Summary: INL delegation visits victims of Jahangirpuri eviction drive

Similar Posts