India
അച്ഛാ ഈ തൊപ്പി ഇനി ഞങ്ങള്‍ വെക്കാം... കോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട എയര്‍ഫോഴ്സ് കമാന്‍ഡറുടെ തൊപ്പിയണിഞ്ഞ് മക്കള്‍; കരച്ചിലടക്കാനാകാതെ കുടുംബം
India

അച്ഛാ ഈ തൊപ്പി ഇനി ഞങ്ങള്‍ വെക്കാം... കോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട എയര്‍ഫോഴ്സ് കമാന്‍ഡറുടെ തൊപ്പിയണിഞ്ഞ് മക്കള്‍; കരച്ചിലടക്കാനാകാതെ കുടുംബം

Web Desk
|
11 Dec 2021 12:31 PM GMT

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേ‍ര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ ഹെലികോപ്ടറിന്‍റെ പൈലറ്റായിരുന്നു പൃഥ്വി സിങ് ചൗഹാന്‍

കണ്ണീരില്‍ മുങ്ങി എയര്‍ഫോഴ്സ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൌഹാന്‍ സംസ്കാര ചടങ്ങ്. അവസാനമായി ധീര സൈനികനെ കാണാനെത്തിയ ജനങ്ങള്‍ക്കിടയില്‍ നിന്ന് അച്ഛന്‍റെ എയര്‍ ഫോഴ്സ് തൊപ്പി തലയിലണിഞ്ഞ പൃഥ്വി ചൌഹാന്‍റെ മക്കളുടെ മുഖം കണ്ടതോടെ എല്ലാവരുടേയും കണ്ണുനിറഞ്ഞു.

അവസാനമായി അച്ഛന്‍റെ മുഖം കണ്ട ശേഷം സല്യൂട്ട് ചെയ്ത പൃഥ്വി സിങ് ചൌഹാന്‍റെ ഇളയമകന്‍ തൊപ്പിയെടുത്ത് തലയില്‍ വെക്കുന്നതും പിന്നീട് അദ്ദേഹത്തിന്‍റെ മൂത്ത മകള്‍ക്ക് തൊപ്പി കൊടുക്കുകയും ചെയ്യുന്ന വൈകാരിക രംഗങ്ങളാണ് പുറത്തുവന്നത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേ‍ര്‍ കൊല്ലപ്പെട്ട കൂനൂരില്‍ വെച്ചുണ്ടായ ഹെലികോപ്ടര്‍ ദുരന്തത്തില്‍ ആണ് വ്യോമസേന വിങ് കമാന്‍ഡറായ പൃഥ്വി സിങ് ചൗഹാനും ജീവന്‍ നഷ്ടമാകുന്നത്. ഹെലികോപ്റ്ററിന്‍റെ പൈലറ്റയിരുന്നു പൃഥ്വി സിങ് ചൌഹാന്‍.

അപകടത്തില്‍ കൊല്ലപ്പെട്ട പൃഥ്വി സിങ് ചൌഹാന്‍റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ ധനസഹയവും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചാണ് സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൾ മധുലിക രാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്ടറിൽ 14 യാത്രികരാണുണ്ടായിരുന്നത്.

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ഗുരുതരമായി പൊള്ളലേറ്റ വരുൺ സിങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരുൺ സിങിന് 45 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും മൂലം കോപ്ടറിന്‍റെ നിയന്ത്രണം നഷ്ടമായതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹെലികോപ്ടറിന്‍റെ ബ്ലാക് ബോക്സും ഡേറ്റാ റെക്കോര്‍ഡറു കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ആ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അപകടത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാകൂ.




Similar Posts