ഇഫ്‌ലുവിൽ എ.ബി.വി.പിയെ തോൽപ്പിച്ച് ഇൻസാഫ് സഖ്യം
|ജനറൽ സെക്രട്ടറി സീറ്റിൽ എബിവിപി,എസ്. എഫ്. ഐ സ്ഥാനാർഥികളെ പരാജയപ്പെടുത്തി ഫ്രറ്റേണിറ്റിയുടെ റന ബഷീർ
ഹൈദരാബാദ്: ഇഫ് ലു സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ തെലങ്കാന സ്റ്റുഡൻ്റ്സ് ഫോറം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ്, എം.എസ്.എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകൾ ഉൾപ്പെടുന്ന ഇൻസാഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവൻ ജനറൽ സീറ്റുകളിലും ഭൂരിപക്ഷം വരുന്ന സ്കൂൾ കൗൺസിലർ പോസ്റ്റുകളിലും എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇൻസാഫ് സഖ്യം യൂണിയൻ കരസ്ഥമാക്കി.
യൂനിയൻ പ്രസിഡൻ്റായി തെലങ്കാന സ്റ്റുഡൻ്റ്സ് ഫോറത്തിൻ്റെ റാത്തോർ രഘുവർധൻ, ജനറൽ സെക്രട്ടറിയായി ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ റന ബഷീർ, വൈസ് പ്രസിഡൻ്റായി എം.എസ്.എഫിൻ്റെ നിദാ ഫാത്തിമ, ജോയിൻ്റ് സെക്രട്ടറിയായി സ്വിയറ്റ സാഹ, കൾച്ചറൽ സെക്രട്ടറിയായി ഉത്തര, സ്പോർട്സ് സെക്രട്ടറിയായി എൻ.എസ്.യു.ഐ-യുടെ നിഷാന്ത് എന്നിവർ വിജയിച്ചു. ഇൻ്റേണൽ കംപ്ലൈൻ്റ്സ് കമ്മറ്റി പ്രതിനിധികളായും ഇൻസാഫ് സ്ഥാനാർഥികളാണ് ജയിച്ചത്.
ലെഫ്റ്റ് ഫ്രണ്ട് എന്ന പേരിലാണ് എസ്.എഫ്.ഐ മത്സരിച്ചത്. അവർ മത്സരിച്ച ഏക ജനറൽ പോസ്റ്റായ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഫ്രറ്റേണിറ്റിയുടെ റന ബഷീറിനോട് എസ്.എഫ്.ഐ സ്ഥാനാർഥി ഫാത്തിമ നസറിൻ 294 വോട്ടുകൾക്ക് പരാജയപ്പെട്ടു. വ്യത്യസ്ഥ സ്കൂൾ കൗൺസിലർ പോസ്റ്റുകളിൽ 3 വീതം സീറ്റുകളിൽ എൻ.എസ്.യു.ഐയും ഫ്രറ്റേണിറ്റി മൂവ്മെൻ്റും എം.എസ്.എഫും നേടി. എസ്.എഫ്.ഐ ഒരു സ്കൂൾ കൗൺസിലർ പോസ്റ്റിൽ മാത്രമാണ് ജയിച്ചത്.
നാല് വർഷത്തിന്റെ ഇടവേളക്ക് ശേഷം നടക്കുന്ന ഇഫ്‍ലു കാമ്പസ് യൂനിയൻ തിരഞ്ഞെടുപ്പ് ഫലം ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണെന്ന് യൂനിയൻ ഭാരവാഹികൾ പ്രതികരിച്ചു. കാമ്പസിൽ വർധിച്ചു വരുന്ന എ.ബി.വി.പി ആക്രമണങ്ങളോടുള്ള വിദ്യാർഥി പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘ് പരിവാർ വിരുദ്ധ മുന്നണിയുടെ വിജയത്തിന്ന് ഈ തിരഞ്ഞെടുപ്പ് ഫലം ആക്കം കൂട്ടുമെന്ന് യൂണിയൻ നേതാക്കൾ കൂട്ടിച്ചേർത്തു.