India
‘ബൈജൂസ് അടച്ചുപൂട്ടേണ്ടി വരും’ പാപ്പരത്ത നടപടിയിൽ പ്രതികരണവുമായി ബൈജു രവീന്ദ്രൻ
India

‘ബൈജൂസ് അടച്ചുപൂട്ടേണ്ടി വരും’ പാപ്പരത്ത നടപടിയിൽ പ്രതികരണവുമായി ബൈജു രവീന്ദ്രൻ

Web Desk
|
20 July 2024 5:00 AM GMT

ഒരു കാലത്ത് 22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പാണ് അടച്ചുപൂട്ടലിലേക്കെത്തി നിൽക്കുന്നത്

ന്യൂഡൽഹി: പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോയാൽ എഡ്-ടെക് സ്ഥാപനമായ ബൈജൂസ് പൂർണമായും അടച്ചുപൂട്ടേണ്ടി വരുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ. ഒരു കാലത്ത് 22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പാണ് അടച്ചുപൂട്ടലിലേക്കെത്തി നിൽക്കുന്നത്. നിലവിൽ രണ്ട് ബില്യൺ ഡോളർ മാത്രമാണ് മൂല്യം.

ബംഗളുരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണൽ ബൈജൂസ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബി.സി.സി.​ഐ നൽകിയ ഹരജിയിലായിരുന്നു ട്രൈബ്യൂണൽ നടപടി. സ്പോൺസർഷിപ്പ് ഇനത്തിൽ 19 മില്യൺ ഡോളർ കുടിശ്ശിക വരുത്തിയെന്നാണ് ബി.സി.സി.ഐയുടെ പരാതി. ബൈജൂസിലെ നിക്ഷേപർ, ജീവനക്കാർ എന്നിവരോടും കിട്ടാനുള്ള പണത്തിന്റെ രേഖകൾ സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദേശം നൽകിയിരുന്നു. ഇതിന് പി​ന്നാലെയാണ് കർണാടക ഹൈക്കോടതിയിൽ ബൈജു രവീന്ദ്രൻ 452 പേജുള്ള ഹരജി സമർപ്പിച്ചത്.

പാപ്പരത്ത നടപടികൾ തുടങ്ങിയാൽ ആയിരക്കണക്കിന് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കാരണമാകുമെന്നും ഇത് അടച്ചുപൂട്ടലി​ലേക്കെത്തിക്കുമെന്നാണ് ബൈജൂസ് വിശദീകരിക്കുന്നത്. ബി.സി.സി.​ഐക്ക് നൽകാനുള്ള കുടിശ്ശിക 90 ദിവസത്തിനുള്ളിൽ നൽകാൻ രവീന്ദ്രൻ തയ്യാറാണെന്ന് അറിയിച്ചു. 21 രാജ്യങ്ങളിലാണ് ബൈജൂസ് പ്രവർത്തിക്കുന്നത്. 16,000 ത്തോളം അദ്ധ്യാപകരടക്കം 27,000ത്തോളം ജീവനക്കാരാണ് ബൈജൂസിൽ ഉള്ളത്.

Similar Posts