India
Insulting Woman, Being Rude To Her Is Not Outraging Modesty Says Court
India

സ്ത്രീയെ അധിക്ഷേപിക്കലും അപമര്യാദയായി പെരുമാറലും സ്ത്രീത്വത്തെ അപമാനിക്കലിന്റെ പരിധിയിൽ വരില്ല; കോടതി

Web Desk
|
29 Aug 2023 4:32 PM GMT

സ്ത്രീയെ 'വൃത്തികെട്ട സ്ത്രീ' എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ആളെ വിചാരണ ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം.

ന്യൂഡൽഹി: സ്ത്രീയെ അധിക്ഷേപിക്കലും അവളോട് അപമര്യാദയായി പെരുമാറുന്നതും സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പിന്റെ പരിധിയിൽ വരില്ലെന്ന് ഡ‍ൽഹി ഹൈക്കോടതി. സ്ത്രീയെ 'വൃത്തികെട്ട സ്ത്രീ' എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ആളെ വിചാരണ ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം.

ലിംഗ- നിർദിഷ്‌ട നിയമങ്ങൾ എതിർ ലിം​ഗത്തിന് എതിരായത് അല്ലെന്നും ഒരു പ്രത്യേക വിഭാ​ഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉദ്ദേശത്തോടെയാണെന്നും ഹൈക്കോടതി പറഞ്ഞു.

“സമൂഹത്തിനുള്ളിൽ പ്രത്യേക ലിംഗക്കാർ അഭിമുഖീകരിക്കുന്ന സവിശേഷമായ ആശങ്കകളും വെല്ലുവിളികളും അഭിസംബോധന ചെയ്യാൻ ലിംഗ-നിർദിഷ്ട നിയമനിർമാണം നിലവിലുണ്ട്. എന്നിരുന്നാലും, നിയമത്തിൽ ഒരു പ്രത്യേക ലിംഗഭേദത്തിന് അനുകൂലമായി പ്രത്യേക അനുമാനങ്ങൾ നിയമവിധേയമാക്കിയിട്ടില്ലെങ്കിൽ, നീതി നടപ്പാക്കുമ്പോൾ ലിംഗഭേദവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ജഡ്ജിയെ സ്വാധീനിക്കണമെന്ന് ഇത് അർഥമാക്കുന്നില്ല“.

"ജുഡീഷ്യൽ നിഷ്പക്ഷത നിയമവ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത മൂലക്കല്ലാണ്, ലിംഗഭേദമില്ലാതെ എല്ലാ കക്ഷികളും ന്യായമായും തുല്യമായും പരിഗണിക്കപ്പെടുന്നുവെന്ന് അത് ഉറപ്പാക്കുന്നു"- ജസ്റ്റിസ് സ്വരണ കാന്ത ശർമ പറഞ്ഞു. സംഭവത്തിൽ ഐപിസി സെക്ഷൻ 509 (സ്ത്രീത്വത്തെ അപമാനിക്കുക) പ്രകാരമുള്ള കുറ്റം ചുമത്തിയ വിചാരണാ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

പരാതിക്കാരിയായ സ്ത്രീയും പ്രതിയും ഒരേ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരും പ്രതി അവരുടെ സീനിയറുമായിരുന്നു. 1,000 രൂപ നൽകാൻ സ്ത്രീ വിസമ്മതിച്ചപ്പോൾ അവർക്കെതിരെ മോശം പദപ്രയോഗം നടത്തിയെന്നും വൃത്തികെട്ട സ്ത്രീ എന്നു വിളിക്കുകയും ചെയ്തെന്നാണ് ആരോപണം.

വൃത്തികെട്ട സ്ത്രീ എന്ന് വിളിക്കുന്നത് ഐപിസി 509ന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. "സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ക്രിമിനൽ ഉദ്ദേശ്യത്തോടെയുള്ള മറ്റേതെങ്കിലും വാക്കുകളോ ആം​ഗ്യമോ ഈ വാക്കിനൊപ്പം നടത്തിയിരുന്നെങ്കിൽ, കേസിന്റെ ഫലം മറ്റൊന്നാകുമായിരുന്നു”- കോടതി വിശദമാക്കി.

Similar Posts