India
ഊട്ടിയിലേക്ക് അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിച്ചു
India

ഊട്ടിയിലേക്ക് അന്തർ സംസ്ഥാന ബസ് സർവീസുകൾ ആരംഭിച്ചു

Web Desk
|
23 Aug 2021 10:08 AM GMT

ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണികൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ് പാർക്ക് എന്നിവയും തുറന്നു

തമിഴ്നാട്ടിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങാൻ അനുമതി. കർണാടകയുടെ ബസുകൾ നീലഗിരിയിലെ ഊട്ടി ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവീസും കർണാടകയിലേക്ക് തുടങ്ങി.

കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ നിർത്തിവെച്ച സർവീസുകൾ നാലുമാസങ്ങൾക്ക് ശേഷമാണ് ഇരു ഭാഗത്തേക്കും തുടങ്ങിയത്. കേരളത്തിൽ നിന്നുളള സർവീസുകൾക്ക് അനുമതി ആയിട്ടില്ല. അതേസമയം കേരളം, കർണാടക ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവിന് അനുമതിയായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള രേഖകൾ കൈവശം ഉള്ളവർക്ക് പ്രവേശനം അനുവദിക്കും.

തിങ്കളാഴ്ച മുതൽ ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണികൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ് പാർക്ക് എന്നിവയും തുറന്നു. മുഹർറം, ഓണം അവധി കഴിഞ്ഞതിനാൽ തിങ്കളാഴ്ച സഞ്ചാരികളുടെ വരവ് കുറവാണ്. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശനാനുമതി ഉടൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.

കര്‍ണാടകയില്‍ സ്കൂളുകള്‍ ഇന്നു തുറക്കും; തമിഴ്നാട്ടില്‍ തിയറ്ററുകളും

കർണാടകയിൽ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളജുകളും ഇന്ന് തുറക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. എന്നാൽ ടി.പി.ആര്‍ നിരക്ക് രണ്ടിന് മുകളിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി , കൊടക് ജില്ലകളിലെ സ്കൂളുകൾ തുറക്കില്ല.

തമിഴ്നാട്ടില്‍ 50 ശതമാനം ശേഷിയോടെ തിയറ്ററുകളും ബാറുകളും ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. ബീച്ച്, മൃഗശാല എന്നിവിടങ്ങളിലും പ്രവേശനമനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്‍തംബർ ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Similar Posts