വിദ്വേഷ പ്രചാരണത്തിനിരകളായ ഇന്ത്യൻ ചിന്തകർക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ
|ലേഖനമെഴുതിയതിന്‍റെ പേരിലാണ് പ്രൊഫ .ദിവ്യ ദ്വിവേദി, ഷാജ്‌മോഹൻ,ജെ.രഘു എന്നിവര്‍ക്കെതിരെ വ്യാപക ഭീഷണി ഉയർന്നത്
ന്യൂഡൽഹി: സവർണ ഹിന്ദുത്വ ഫാഷിസത്തിനെതിരായ നിലപാട് സ്വീകരിച്ചതുവഴി വിദ്വേഷപ്രചാരണത്തിരകളായ ഇന്ത്യൻ ചിന്തകർക്ക് ഐക്യദാർഢ്യവുമായി അന്താരാഷ്ട്ര പ്രശസ്തരായ തത്വചിന്തകരും ശാസ്ത്രജ്ഞരും. പ്രൊഫ.ദിവ്യ ദ്വിവേദി, ഷാജ്‌മോഹൻ,ജെ.രഘു എന്നിവർക്കാണ് സ്ലോവോയ്ഷിഷെക്,എത്തിയെൻ ബാലിബൽ,ആന്റോണിയോ നെഗ്രി,സ്റ്റുവർട്ട് കൗഫ്മാൻ,ബാർബറ കാസിൻ, ഫെര്ഡ്‌റിക് വോംസ് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ ചിന്തകരുടെ നേതൃത്വത്തിൽ പിന്തുണ പ്രഖ്യാപിച്ചത്.
ഇവർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പ്രമുഖ ഫ്രഞ്ച് പത്രമായ 'മീഡിയ പാർട്ട്' പ്രസിദ്ധീകരിച്ചിരുന്നു.ദിവ്യ ദ്വിവേദിയും ഷാജ് മോഹനും ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വചിന്തകരാണെന്നും മീഡിയ പാർട്ട് റിപ്പോര്‍ട്ട് ചെയ്തു.
ജെ.രഘുവും ദിവ്യ ദ്വിവേദിയും ചേർന്ന് 'കാരവനി'ലെഴുതിയ ലേഖനത്തെതുടർന്നാണ് ഇവർക്കെതിരെ വ്യാപക ഭീഷണി ഉയർന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഇവർക്കെതിരായ ഭീഷണി റിപ്പോർട്ട് ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ 'ഏഷ്യലൈൻ' എന്ന ഓൺലൈനിൽ ദിവ്യ ദ്വിവേദിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിനെത്തുടർന്നും ഭീഷണി വ്യാപകമായിരുന്നു. സവർണ വംശീയവാദത്തിനെതിരെ വിമർശനമുന്നയിച്ചതിന്റെ പേരിൽ വേട്ടയാടുന്ന അവസ്ഥ ഭീതിജനകമാണെന്നും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.