'ഗുസ്തി താരങ്ങളെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്'; ബ്രിജ് ഭൂഷണെതിരെ അന്താരാഷ്ട്ര ഗുസ്തി റഫറിയുടെ മൊഴി
|വ്യാജ പരാതിയാണ് നൽകിയതെന്ന് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിതാവ് തന്നെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷൺ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഗുസ്തി റഫറി ജഗ്ബീർ സിംഗിന്റെ മൊഴി..കേസിലെ ആറ് താരങ്ങൾ ഉന്നയിച്ച പരാതികൾ ശരി വെയ്ക്കുന്നതാണ് ജഗ്ബീർ സിംഗിന്റെ മൊഴി.ബ്രിജ്ഭൂഷൺ പരാതിക്കാരിയുടെ തൊട്ടടുത്ത് നിൽക്കുന്നത് താൻ കണ്ടു എന്നാണ് കേസിലെ 125 സാക്ഷികളിൽ ഒരാളായ ജഗ്ബീർ സിംഗ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടി ബ്രിജ്ഭൂഷണെ തള്ളി മാറ്റുന്നതും അസ്വസ്ഥയായി മാറി നിൽക്കുന്നത് കണ്ടെന്നും അന്താരാഷ്ട്ര ബോക്‌സിങ് മത്സരങ്ങൾക്ക് റഫറിയായ ജഗ്ബീർ സിംഗ് വെളിപ്പെടുത്തി.
കേസിലെ ആറ് താരങ്ങൾ ഉന്നയിച്ച പരാതികൾ ശരി വെയ്ക്കുന്നതാണ് ജഗ്ബീർ സിംഗിന്റെ വെളിപ്പെടുത്തൽ. വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നാണ് ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ നിലപാട്.
പ്രായപൂർത്തിയാകാത്ത ഗുസ്തി താരം നൽകിയത് വ്യാജ പരാതി ആണെന്ന് താരത്തിന്റെ പിതാവ് തന്നെ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസ് പിൻവലിക്കാൻ തങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുന്നു എന്ന് മറ്റ് താരങ്ങൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിന്മാറ്റം. അതേസമയം, പ്രതിഷേധത്തിനിടെ ഗുസ്തി താരങ്ങൾ വിദ്വേഷ പ്രസംഗം നടത്തിയെന്ന ബാം ബാം മഹാരാജ് നൗഹാതിയ നൽകിയ പരാതി ജൂലൈ ഏഴിന് കോടതി പരിഗണിക്കും. പരാതിക്കാരന്റെ ആരോപണത്തിന് തെളിവില്ലെന്ന് ആണ് കേസിൽ ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.