India
Internet Reacts To Expensive Popcorn Bill From Movie Theatre,Expensive Popcorn Bill From Movie Theatre
India

'പോപ്‌കോണിന് 460 രൂപ, പെപ്സിക്ക് 360 രൂപ'; തിയേറ്ററിലെ ബില്ല് കണ്ട് ഞെട്ടി സോഷ്യൽമീഡിയ

Web Desk
|
3 July 2023 11:46 AM GMT

ഇതിലും ഭേദം ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ്‍ഫോം ഒരുവർഷത്തേക്ക് സസ്‌ക്രൈബ് ചെയ്താൽ മതിയല്ലോ എന്ന് കമന്റ്

നോയിഡ: തിയേറ്ററുകളിൽ പോകുന്നതും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സിനിമ കാണുന്നതുമെല്ലാം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ കോവിഡ് മഹാമാരിയുടെ വരവോട് കൂടി പണ്ടത്തെപ്പോലെ തിയേറ്ററിൽ പോയി സിനിമ കാണുന്നവരുടെ എണ്ണത്തിൽ ചെറിയ രീതിയിലെങ്കിലും കുറവ് വന്നിട്ടുണ്ട്. തിയേറ്ററിൽ നിന്ന് ഒ.ടി.ടിയിൽ റിലീസ് ചെയ്യുമ്പോൾ സിനിമ കാണാൻ താൽപര്യപ്പെടുന്നവരാണ് നല്ലൊരു ശതമാനം പേരും. അതിനോടൊപ്പം തന്നെ തിയേറ്ററിൽ പോയി സിനിമ കാണുന്നത് ചെലവേറിയ കാര്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ, ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച സിനിമാ തിയേറ്ററിൽ നിന്നുള്ള ബില്ലാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ചീസ് പോപ്കോണിന്റെയും പെപ്സിയുടെയും ബില്ലാണ് ട്രിദിപ് കെ മണ്ഡൽ എന്നയാൾ പങ്കുവെച്ചത്.55 ഗ്രാം ചീസ് പോപ്‌കോണിന് 460 രൂപയാണ് വില. 600 എം.എൽ പെപ്‌സിക്ക് 360 രൂപയും. മൊത്തം ബില്ല് 820. ഇതിന് പുറമെ ടിക്കറ്റിന്റെ പണം വേറെയും. നോയിഡയിലെ ഒരു തിയേറ്റർ കോംപ്ലക്‌സിൽ നിന്നുള്ളതാണ് ബില്ല്.

'55 ഗ്രാം ചീസ് പോപ്കോണിന് 460 രൂപ, 600 മില്ലി പെപ്സിക്ക് 360 രൂപ. നോയിഡ പിവിആർ സിനിമാസ് നോയിഡയിൽ ആകെ 820 രൂപ. ആമസോണ്‍ പ്രൈം വീഡിയോയുടെ വാർഷിക സബ്സ്‌ക്രിപ്ഷന് തുല്യമാണിത്. ആളുകൾ തിയേറ്ററുകളിൽ പോകാത്തതിൽ അതിശയിക്കാനില്ല. കുടുംബത്തോടൊപ്പം തിയേറ്ററിൽ പോയി സിനിമ കാണുന്നത് താങ്ങാവുന്നില്ല...'എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തത്.

ഞായറാഴ്ച പങ്കുവെച്ച ഈ ട്വീറ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ 1.2 ദശലക്ഷത്തിലധികം പേർ കാണുകയും 17.8k ലൈക്കുകളും നേടി. നിരവധി പേരാണ് ട്വീറ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.

'ഇത്രയും അമിതമായ വില ഞങ്ങൾക്ക് എങ്ങനെ താങ്ങാൻ കഴിയും? ആളുകൾ തിയേറ്ററുകളിൽ പോകുന്നത് നിർത്തുന്നതിൽ അതിശയിക്കാനില്ല,' ഒരു ഉപയോക്താവ് കമന്റ് ചെയ്തു. മൾട്ടിപ്ലക്‌സിൽ സിനിമ കാണാൻ പോകുമ്പോൾ പോപ്‌കോൺ വാങ്ങാതിരിക്കുക,സിനിമ കഴിഞ്ഞ് പുറത്തെവിടെങ്കിലും പോയി നല്ല ഭക്ഷണം കഴിക്കൂവെന്നും മറ്റൊരു കമന്റ്.

അതേസമയം, തിയേറ്ററിൽ നിന്ന് പോപ്കോണും പാനീയങ്ങളും വാങ്ങാൻ ആരും നിർബന്ധിക്കുന്നില്ലെന്നും അതെല്ലാം ഓരോരുത്തരുടെയും ഇഷ്ടമാണെന്നും ചിലർ കമന്റ് ചെയ്തു. ഉച്ചഭക്ഷണ സമയത്തോ അത്താഴ സമയത്തോ സിനിമ കാണാൻ പോകാതിരിക്കുക, സിനിമ കണ്ടതിന് ശേഷം ലഘുഭക്ഷണത്തിന്റെ വിലയെക്കുറിച്ച് പരാതിപ്പെടുന്നത് മണ്ടത്തരമാണ്,' മറ്റൊരാൾ പറഞ്ഞു.

Similar Posts