India
delhi chalo march,Farmers,delhi chalo,delhi chalo march,farmers protest in delhi,delhi farmers protest,delhi chalo protest,farmers protest to delhi, ഡൽഹി ചലോ മാര്‍ച്ച്,കര്‍ഷക പ്രതിഷേധം
India

‘കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ ഇടപെടണം’; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

Web Desk
|
23 Feb 2024 3:24 PM GMT

ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യത

ന്യൂഡൽഹി: കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കോടതി ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. സിഖ് ചേംബർ ഓഫ് കൊമേഴ്സാണ് ഹർജി സമർപ്പിച്ചത്. പൊലീസ് നടപടിയിൽ കേസ് എടുക്കാൻ നിർദേശിക്കണമെന്നും കർഷക സമരവുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കുന്നത് തടയണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നും സ്വാമിനാഥൻ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് നടത്തുന്ന കർഷക സംഘടനകളെ അടിച്ചമർത്തുകയും അതിർത്തികൾ അടച്ചിടുകയുമാണ്. സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും സർക്കാറുകൾ തടങ്കിലാക്കുകയും ചെയ്തിരിക്കുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിരോധിക്കുക, ഗതാഗതം തിരിച്ചുവിടുക, റോഡുകൾ അടച്ചിടുക തുങ്ങിയ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാറുകൾ കർഷകർക്ക് നേരെ കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, പെല്ലറ്റുകൾ എന്നിവ പ്രയോഗിച്ച് ഗുരുതരമായ പരിക്കുകൾ സൃഷ്ടിക്കുന്നു. ആവശ്യമായ വൈദ്യ സഹായം ലഭിക്കാത്തതിനാൽ പരിക്കുകൾ ഗുരുതരമാകുകയും മരണത്തിന് കാരണമാവുകയും ചെയ്തു. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കാൻ കർഷകരെ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

സമാധാനപരമായി മാർച്ച് നടത്തുന്ന കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാറിനും നാല് സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നിർദേശം നൽകണം. സ്വതന്ത്രമായ സഞ്ചാരം അനുവദിക്കുന്നതിനൊപ്പം പ്രതിഷേധിക്കുന്ന കർഷകരോട് മാന്യമായി പെരുമാറാൻ നിർദേശിക്കണം. ഇരകളായ കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിന് പുറമെ പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതേസമയം, കർഷകർക്ക് നേരെ ഹിസാറിലും പൊലീസ് നടപടിയുണ്ടായി. ഖനൗരി അതിർത്തിയിലേക്ക് പോകാൻ ശ്രമിച്ച കർഷകരുമായി ഹരിയാന പൊലീസ് ഏറ്റുമുട്ടി. കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. നിരവധി കർഷകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാനാണ് കർഷകരുടെ തീരുമാനം. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

Similar Posts