പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുകീറി, കുടലുപുറത്തെടുത്തു; ദാരുണാന്ത്യം
|സമൂഹത്തിൽ തെരുവുനായകളെ തീറ്റിപ്പോറ്റുകയാണെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണെന്നും രോഷാകുലരായ നാട്ടുകാർ പറഞ്ഞു.
ലഖ്‌നൗ: തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സെക്ടർ 100ൽ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാർഡ് എന്ന നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്.
പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു ഇയാൾ. ജോലി ചെയ്യുന്നതിനിടെ കുഞ്ഞിനെ സമീപത്ത് കിടത്തിയിരിക്കുകയാണ്. ഇതിനിടെയാണ് തെരുവുനായ എത്തി ആക്രമിച്ചത്. അതിക്രൂരമായ ആക്രമണത്തിൽ കുഞ്ഞിന്റെ കുടൽ പുറത്തുവന്നു.
ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഐസിയുവിൽ ചികിത്സയിൽ കഴിയവേ കുഞ്ഞിന്റെ ആരോഗ്യനില മോശമാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
കുഞ്ഞിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയരുന്നത്. നോയിഡയിലെ ഹൗസിങ് കോളനിയിൽ പ്രദേശവാസികൾ തടിച്ചുകൂടി പ്രതിഷേധിച്ചു. സമൂഹത്തിൽ തെരുവുനായകളെ തീറ്റിപ്പോറ്റുകയാണെന്നും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണെന്നും രോഷാകുലരായ നാട്ടുകാർ പറഞ്ഞു.
എത്രയും പെട്ടെന്ന് ഇതിനെതിരെ നടപടിയെടുക്കണമെന്ന് നിവാസികൾ നോയിഡ അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം, വിഷയം അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും തെരുവുനായ ഭീഷണിക്കതിരെ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും എഒഎ (അപ്പാർട്ട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ) സെക്രട്ടറി പ്രസ്‌താവനയിൽ അറിയിച്ചു. കുഞ്ഞ് മരിച്ച സംഭവത്തിൽ നോയിഡ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.