ഐപിഎൽ വാതുവെപ്പ്; ബംഗളൂരുവിൽ മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ
|കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്.
ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ 27 പേർ അറസ്റ്റിൽ. 78 ലക്ഷം രൂപയും ഇവരിൽ നിന്ന് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ 20 കേസുകൾ രജിസറ്റർ ചെയ്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഈ മാസം 12 ന് ക്രൈംബ്രാഞ്ച് ബംഗളൂരുവിലെ രാമമൂർത്തി നഗറിൽ റെയ്ഡ് നടത്തുകയും ഒരാൾ പിടിയിലാവുകയും ചെയ്തിരുന്നു. അറസ്റ്റിലായവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നുണ്ട്.
ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവത്തിലുള്ള മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും അന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത 27 പേരെയും ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നതെന്നും ഇതിനായി പ്രത്യേകം ഒരു മൊബൈൽ ആപ്ലിക്കേഷനുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കഴിഞ്ഞ വർഷവും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഐ.പി.എൽ വാതുവെപ്പ് നടത്തിയ 18 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണ ജില്ലാ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.