India
KSEshwarappacontroversialspeech, KSEshwarappacontroversialremarks, KSEshwarappaAllahuDeafremarks
India

'അല്ലാഹു ബധിരനാണോ? മൈക്കിൽ അലറിയാലേ കേൾക്കാനാകൂ?'; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്

Web Desk
|
13 March 2023 9:57 AM GMT

'എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തിയിരുന്നു. എന്നാൽ, ഉച്ചഭാഷിണിയിൽ വിളിച്ചാലേ അല്ലാഹുവിന് കേൾക്കൂ?'-വിവാദ പ്രസംഗത്തില്‍ കെ.എസ് ഈശ്വരപ്പ

ബംഗളൂരു: വിവാദ പരാമർശവുമായി കർണാടകയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. ഉച്ചഭാഷിണിയിലൂടെയുള്ള വാങ്ക് തലവേദനയായിരിക്കുകയാണെന്നും അല്ലാഹുവിന് കേള്‍ക്കാന്‍ കഴിയില്ലേയെന്നും വിവാദ പ്രസംഗത്തില്‍ ഈശ്വരപ്പ ചോദിച്ചു. ബി.ജെ.പിയുടെ വിജയ സങ്കൽപ് യാത്രയ്ക്കിടെയാണ് ബി.ജെ.പി എം.എൽ.എയുടെ പരാമർശം.

മംഗളൂരുവിലെ കാവൂരിനടുത്തുള്ള ശാന്തിനഗറിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പള്ളിയിൽനിന്ന് വാങ്ക് കൊടുത്തത് കേട്ടാണ് ഈശ്വരപ്പയുടെ പ്രതികരണം. 'എവിടെപ്പോയാലും ഇതൊരു(വാങ്ക്) തലവേദനയായിരിക്കുകയാണ്. ഒരാൾ മൈക്കിൽ അലറിയാൽ മാത്രമേ അല്ലാഹുവിന് പ്രാർത്ഥനകൾ കേൾക്കാനാകൂവെന്നാണോ? അല്ലാഹു ബധിരനാണോ?'-പ്രസംഗം തുടർന്ന ഈശ്വരപ്പ പറഞ്ഞു.

സുപ്രിംകോടതി ഇക്കാര്യത്തിൽ ഉത്തരവിറക്കിയിട്ടുണ്ട്. ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരമുണ്ടാക്കും. ഒരു സംശയവും വേണ്ട. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തിയിരുന്നു. എന്നാൽ, ഉച്ചഭാഷിണിയിൽ വിളിച്ചാലേ അല്ലാഹുവിന് കേൾക്കൂ? ഞങ്ങളും ക്ഷേത്രങ്ങളിൽ ആരാധന നിർവഹിക്കുന്നുണ്ട്. ഭജന നടത്തുന്നുണ്ട്. അവരെക്കാളും ഭക്തരും ദൈവഭക്തിയുമുണ്ട് ഞങ്ങൾക്ക്. മതങ്ങളെ സംരക്ഷിക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇന്ത്യ-ഈശ്വരപ്പ കൂട്ടിച്ചേർത്തു.

പ്രസംഗം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി കെ.എസ് ഈശ്വരപ്പ രംഗത്തെത്തി. ഒരു മതത്തെ അവഹേളിക്കാൻ നടത്തിയ പരാമർശമായിരുന്നില്ല അതെന്ന് അദ്ദേഹം പ്രതികരിച്ചു. അല്ലാഹുവിന് കേൾക്കാനാകുമെന്നും എന്നാൽ ഈ മുസ്്‌ലിംകൾ മൂന്നും നാലും മൈക്ക് വച്ചാണ് വാങ്ക് കൊടുക്കുന്നതെന്നും പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇതു ശല്യമാണെന്നും ഈശ്വരപ്പ വിശദീകരിച്ചു.

Summary: 'Is Allah deaf', Karnataka BJP MLA and former Minister K.S Eshwarappa has stirred a fresh controversy

Similar Posts