'അമിത് ഷാ മനുസ്മൃതിക്കൊപ്പമോ ഭരണഘടനയ്‌ക്കൊപ്പമോ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടോ?'-ചോദ്യങ്ങളുമായി ബൃന്ദ കാരാട്ട്
|''ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയെ സനാതന ധർമം മഹത്വവൽക്കരിക്കുന്നുണ്ടോ? ദലിതുകളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന മനുസ്മൃതിയിലെ വചനങ്ങളെ അമിത് ഷാ പിന്തുണയ്ക്കുന്നുണ്ടോ?''
ന്യൂഡൽഹി: സനാധന ധർമ വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് സി.പി.എം നേതാവും രാജ്യസഭാ അംഗവുമായ ബൃന്ദ കാരാട്ട്. ഇന്ത്യൻ ഭരണഘടനയെ ആണോ, മനുസ്മൃതിയെ ആണോ പിന്തുണയ്ക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടോയെന്നും ബൃന്ദ ചോദിച്ചു.
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം ചൂണ്ടിക്കാട്ടി പ്രതിപക്ഷ വിശാലസഖ്യമായ 'ഇൻഡ്യ'യ്‌ക്കെതിരായ അമിത് ഷായുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം. ''ആദ്യം അമിത് ഷാ ചില ഉത്തരങ്ങൾ നൽകണം. ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥയെ സനാതന ധർമം മഹത്വവൽക്കരിക്കുന്നുണ്ടോ? അമിത് ഷാ ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടോ? ദലിതുകളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന മനുസ്മൃതിയിലെ വചനങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ?''-എ.എൻ.ഐയ്ക്കു നൽകിയ അഭിമുഖത്തിൽ ബൃന്ദ ചോദിച്ചു.
''ഭരണഘടനാപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ അമിത് ഷാ പിന്തുണയ്്ക്കുന്നുണ്ടോ? അതോ അത്തരം വിവാഹങ്ങൾക്കു മനുസ്മൃതിയിൽ കൽപിച്ചിട്ടുള്ള ക്രൂരമായ ശിക്ഷയെ അനുകൂലിക്കുന്നുണ്ടോ? അതുകൊണ്ട് വിലക്കയറ്റം, തൊഴിലില്ലായ്മ, ദലിതുകൾക്കും സ്ത്രീകൾക്കുമെതിരെ രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ സർക്കാരിനു സംഭവിച്ച വീഴ്ചയിൽനിന്നു ശ്രദ്ധ തിരിക്കാൻ നേക്കേണ്ട.''-ബൃന്ദ കൂട്ടിച്ചേർത്തു.
ഇൻഡ്യ മുന്നണി ഹിന്ദു മതത്തെ വെറുക്കുന്നതിന്റെ തെളിവാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശമെന്നാണ് രാജസ്ഥാനിൽ നടന്ന ബി.ജെ.പി റാലിയിൽ അമിത് ഷാ വിമർശിച്ചത്. പ്രതിപക്ഷത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനതന്ത്രത്തിന്റെയും ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Summary: ''Is Amit Shah with the Constitution or Manu Smriti'': Asks CPM leader Brinda Karat