India
ജനാധിപത്യ സംവിധാനത്തിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ചോദിക്കുന്നത് അധികപ്പറ്റാണോ? ജസ്റ്റിസ് സുധാംശു ദുലിയ
India

ജനാധിപത്യ സംവിധാനത്തിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ചോദിക്കുന്നത് അധികപ്പറ്റാണോ? ജസ്റ്റിസ് സുധാംശു ദുലിയ

Web Desk
|
13 Oct 2022 2:19 PM GMT

മുഴുവൻ ഹരജിക്കാരും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ അതെങ്ങനെയാണ് അധികപ്പറ്റാവുന്നത്? അതെങ്ങനെയാണ് ധാർമികതക്കും ആരോഗ്യത്തിനും അന്തസിനും എതിരാവുന്നതെന്നും ജസ്റ്റിസ് ദുലിയ ചോദിച്ചു.

ന്യൂഡൽഹി: ജനാധിപത്യ സംവിധാനത്തിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ചോദിക്കുന്നത് ഒരു അധികപ്പറ്റാണോയെന്ന് ജസ്റ്റിസ് സുധാംശു ദുലിയ. കർണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ഭിന്ന വിധിയിലാണ് ജസ്റ്റിസ് ദുലിയയുടെ പരാമർശം. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് ശരിവെച്ചപ്പോൾ ജസ്റ്റിസ് ദുലിയ ആദരവോടെ വിയോജിക്കുകയാണെന്ന് വ്യക്തമാക്കി.

മുഴുവൻ ഹരജിക്കാരും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തിൽ അതെങ്ങനെയാണ് അധികപ്പറ്റാവുന്നത്? അതെങ്ങനെയാണ് ധാർമികതക്കും ആരോഗ്യത്തിനും അന്തസിനും എതിരാവുന്നതെന്നും ജസ്റ്റിസ് ദുലിയ ചോദിച്ചു.

ഹിജാബ് വിഷയം തെരഞ്ഞെടുപ്പിന്റെ മാത്രം കാര്യമാണെന്നും അതിൽ കൂടുതലോ കുറവോ ആയി ഒന്നുമില്ലെന്നും ജസ്റ്റിസ് ദുലിയ വ്യക്തമാക്കി. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പരമമായ ചോദ്യം. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണോ നിലവിലെ ഹൈക്കോടതി വിധിയെന്നതാണ് തന്റെ മനസ്സിലെ ചോദ്യമെന്നും ജസ്റ്റിസ് ദുലിയ പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് കാണുന്ന ഏറ്റവും മനോഹരമായ കാഴ്ച ബാഗും ചുമന്ന് സ്‌കൂളുകളിലേക്ക് പോകുന്ന പെൺകുട്ടികളാണ്. അവൾ നമ്മുടെ പ്രതീക്ഷയാണ്, നമ്മുടെ ഭാവി. ഒരു പെൺകുട്ടിയെ സംബന്ധിച്ചടുത്തോളം അവളുടെ സഹോദരനെ അപേക്ഷിച്ച് വിദ്യാഭ്യാസം ലഭിക്കാനുള്ള പ്രയാസം വളരെ കൂടുതലാണ്. രാജ്യത്തിന്റെ പല ഭാഗത്തുമുള്ള പെൺകുട്ടികൾ വീട്ടു ജോലികൾ ചെയ്തതിന് ശേഷമാണ് സ്‌കൂളിൽ പോകുന്നതെന്നും ജസ്റ്റിസ് ദുലിയ ചൂണ്ടിക്കാട്ടി.

ഹിജാബ് ഇസ്‌ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവെച്ചത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ജസ്റ്റിസ് ഗുപ്ത വിധിച്ചു. യൂണിഫോം നിർബന്ധമാക്കാനുള്ള അധികാരം സർക്കാരിനുണ്ട്. അതിനെ വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗുപ്ത ഹൈക്കോടതി വിധി ശരിവെച്ചത്.

Similar Posts