'വശ്യമോഹനം'; ലക്ഷദ്വീപിനെ പ്രകീർത്തിച്ച് ഇസ്രായേൽ
|ഔദ്യോഗിക എക്‌സ് ഹാൻഡ്‌ലിലാണ് ഇസ്രായേല്‍ എംബസിയുടെ പ്രതികരണം.
ന്യൂഡൽഹി: മാലദ്വീപുമായി ബന്ധപ്പെട്ട നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെ ലക്ഷദ്വീപ് ടൂറിസത്തെ പ്രൊമോട്ട് ചെയ്ത് ഇസ്രായേൽ. വശ്യമോഹനവും അതിമനോഹരവുമായ ബീച്ചാണ് ലക്ഷദ്വീപിലേത് എന്നും കേന്ദ്രസർക്കാറുമായി ചേർന്ന് അവിടെ പ്രോജക്ടിന് തയ്യാറെടുക്കുകയാണ് എന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി അറിയിച്ചു. ഔദ്യോഗിക എക്‌സ് ഹാൻഡ്‌ലിലാണ് എംബസിയുടെ പ്രതികരണം.
'കേന്ദ്ര ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം കടൽ വെള്ളത്തിൽ നിന്ന് ഉപ്പു വേർതിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ലക്ഷദ്വീപിലുണ്ടായിരുന്നു. ഈ പദ്ധതിയുടെ തുടര്‍ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാണ്. ലക്ഷദ്വീപിന്റെ അകളങ്കിതമായ പ്രൗഢവുമായ ജലാന്തര സൗന്ദര്യം കാണണമെങ്കിൽ ഇതാ ഈ ദ്വീപിന്റെ വശ്യമോഹനമായ ചില ചിത്രങ്ങൾ'- എന്നാണ് എംബസിയുടെ കുറിപ്പ്.
ലക്ഷദ്വീപിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെയും ബീച്ചിന്റെയും കടലിന്റെയും ചിത്രങ്ങൾ എംബസി പങ്കുവച്ചിട്ടുണ്ട്.
ലക്ഷദ്വീപ് ബീച്ചിൽ ഫോട്ടോഷൂട്ട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമാണ് ദ്വീപിനെ വീണ്ടും ചർച്ചയാക്കിയത്. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകളും ചർച്ചകൾക്ക് വഴിവച്ചു. മാലദ്വീപ് ടൂറിസത്തെ തകർക്കാനാണ് ഇന്ത്യയുടെ ശ്രമം എന്നായിരുന്നു ആരോപണം. മോദിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഇന്ത്യ അയൽരാജ്യത്തെ അമർഷം അറിയിക്കുകയും ചെയ്തിരുന്നു. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രശ്നമായി വിവാദം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
Summary: Israel to start desalination program in Lakshadweep; shares pics amid India-Maldives row