ചുവപ്പും പച്ചയും സാരിയണിഞ്ഞ് അവതാരക; ഫലസ്തീന്റെ നിറമെന്ന് കാട്ടി ചാനൽ ചർച്ചയിൽ രോഷാകുലനായി ഇസ്രായേലുകാരൻ
|'മരിച്ചുപോയ എന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരി ഇന്ന് ഇസ്രായേലിൽനിന്നുള്ള അതിഥിയെ അലോസരപ്പെടുത്തിയിരിക്കുന്നു' എന്നാണ് ശ്രേയ ധൂൻദയാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്
ഡൽഹി: ചാനൽ ചർച്ചയ്ക്കിടെ അവതാരകയണിഞ്ഞ സാരിയുടെ നിറം ചൂണ്ടിക്കാട്ടി രോഷാകുലനായി ഇസ്രായേൽ വക്താവ്. മിറർ നൗ ചാനലിൽ ശ്രേയ ധൂൻദയാൽ നയിച്ച ചർച്ചക്കിടെയാണ് സംഭവം. ഫലസ്തീൻ പതാകയിലെ നിറങ്ങളായ പച്ചയും ചുവപ്പും സാരിയിലുണ്ടായിരുന്നതാണ് ഇസ്രായേലുകാരനെ പ്രകോപിപ്പിച്ചത്.
ഇസ്രായേലി ഇന്റൽ സ്പെഷൽ ഫോഴ്സസ് അംഗം ഫ്രെഡറിക് ലാൻഡോയാണ് ചർച്ചക്കിടെ രോഷം പ്രകടിപ്പിച്ചത്. മറ്റൊരു അവസരത്തിനുവേണ്ടി ഇത് സൂക്ഷിച്ചുവെച്ചോളൂ എന്നും ഇസ്രായേൽ വക്താവ് പരിഹസിച്ചു. നീലയും വെള്ളയും എല്ലാകാലത്തും അതിജീവിക്കുമെന്നും ലാൻഡോ കൂട്ടിച്ചേർക്കുന്നുണ്ട്.
ഇസ്രായേൽ വക്താവിന് അവതാരക തക്കതായ മറുപടിയും നൽകുന്നുണ്ട്. "നിറങ്ങളെ നിങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കരുത്. പലപ്പോഴും എന്റെ രാജ്യത്തും ഇത് സംഭവിക്കുന്നുണ്ട്. ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രം ഒരു സാരിയാണ്. അതെന്റെ മുത്തശ്ശിയുടേതാണ്. സാരിയുടെ നിറം ഏതെങ്കിലും പക്ഷത്തെ പിന്തുണക്കുന്നുവെന്നതിനെ സൂചിപ്പിക്കുന്നതല്ല" എന്നാണ് ശ്രേയ ധൂൻദയാൽ ചൂണ്ടിക്കാട്ടിയത്.
‘ഞാനെന്തു ധരിക്കണമെന്ന കാര്യം നിങ്ങളാണ് തീരുമാനിക്കുകയെന്നത് ഞാൻ അനുവദിക്കില്ല. അതുപോലെ ഞാനെന്തു പറയണമെന്നത് നിങ്ങൾ തീരുമാനിക്കുന്നതിനെയും ഞാൻ അനുവദിക്കാൻ പോകുന്നില്ല’ എന്നായിരുന്നു സാരി മറ്റൊരവസരത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചോളൂ എന്ന പരിഹാസത്തിന് അവതാരകയുടെ മറുപടി. ചർച്ചക്കിടയിലുണ്ടായ ഈ വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ ശ്രേയ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ‘മരിച്ചുപോയ എന്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരി ഇന്ന് ഇസ്രായേലിൽനിന്നുള്ള അതിഥിയെ അലോസരപ്പെടുത്തിയിരിക്കുന്നു’ എന്നാണ് ശ്രയ പങ്കുവെച്ച കുറിപ്പ്.