ആദിത്യ എല്‍ 1 വിക്ഷേപിച്ച ദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചു; വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ മേധാവി
|അന്ന് തനിക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഡല്‍ഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ച ദിവസം തനിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന വെളിപ്പെടുത്തലുമായ ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപണ വേളയിൽ തന്നെ തനിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു.അന്ന് തനിക്ക് അതേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം, അന്ന് രാവിലെ ഞാൻ ഒരു സ്കാനിംഗ് നടത്തി. അപ്പോഴാണ് എൻ്റെ വയറ്റിൽ വളർച്ചയുണ്ടെന്ന് മനസ്സിലായത്. വിക്ഷേപണം നടന്നയുടനെ എനിക്ക് അതിനെ കുറിച്ച് ഒരു സൂചന ലഭിച്ചു'' അദ്ദേഹം പറഞ്ഞു. പിന്നീട് ചെന്നൈയില്‍ വീണ്ടുമൊരു സ്കാനിംഗ് നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പറേഷന് വിധേയമായെന്നും ഇപ്പോള്‍ രോഗം ദേഭമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൻ്റെ അടുത്ത കുടുംബാംഗങ്ങളുമായും അടുത്ത ബന്ധുക്കളുമായും രോഗത്തെക്കുറിച്ച് പറഞ്ഞതായും തൻ്റെ ഭയം ലഘൂകരിക്കാൻ കഴിഞ്ഞതായും എസ് സോമനാഥ് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം കീമോതെറാപ്പി ചെയ്തു. നാലു ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. അഞ്ചാം ദിവസം ശാരീരിക അസ്വസ്ഥതകളൊന്നുമില്ലാതെ ജോലിയില്‍ പ്രവേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
“എല്ലാ വർഷവും ഞാൻ പതിവായി പരിശോധനയ്ക്ക് വിധേയനാകും. ഞാൻ സ്കാനിംഗിന് വിധേയനാകും. എന്നാൽ ഇപ്പോൾ ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ചു. ഞാൻ എൻ്റെ ചുമതലകൾ പുനരാരംഭിച്ചു,” സോമനാഥ് പറഞ്ഞു.