ഇന്ത്യയുടെ ചെറു ഉപഗ്രഹം EOS 08 വിക്ഷേപിച്ചു
|എസ്എസ്എൽവി ഡി ഡി3 റോക്കറ്റാണ് ഇ ഒ എസ് 08 നെ വഹിച്ച് കുതിച്ചുയർന്നത്
ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇ.ഒ.എസ് 08 വിക്ഷേപിച്ചു. ദുരന്തമേഖലകളുടെ നിരീക്ഷണമുൾപ്പെടെയുള്ള പരിസ്ഥിതി നിരീക്ഷണം ലക്ഷ്യമിട്ടാണ് ഉപഗ്രഹ വിക്ഷേപണം. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐഎസ്ആർഒ രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഡി 3 റോക്കറ്റാണ് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഇഒഎസ് -08 നെ വഹിച്ച് കുതിച്ചുയർന്നത്. രാവിലെ 9.17 നായിരുന്നു വിക്ഷേപണം.
ഒരുവർഷം പ്രവർത്തനകാലാവധിയുള്ള ഇഒഎസ്.-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം. 34 മീറ്റർ ഉയരവും 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനും എർത്ത് ഓർബിറ്റിൽ സ്ഥാപിക്കാനും റോക്കറ്റിന് സാധിക്കും. ഈ വർഷത്തെ മൂന്നാമത്തെ വിക്ഷേപണമാണ് ഇത്. ഇഒഎസ് - 08 വ്യാഴാഴ്ച വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.