സോനു സൂദ് 250 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആദായ നികുതി വകുപ്പ്
|വിദേശ സംഭാവന നിയന്ത്രണത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി പ്രാധമിക അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്
ബോളിവുഡ് നടന്‍ സോനു സൂദ് 250 കോടിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 11 ബാങ്ക് ലോക്കറുകള്‍ സീല് വച്ചതിനു പുറമെ 1.80 കോടി രൂപയും ഐടി വകുപ്പ് പിടിച്ചെടുത്തു.
സൂദ്,വിദേശ സംഭാവന നിയന്ത്രണത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി പ്രാധമിക അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. വലിയ അളവില്‍ വിദേശ സംഭാവനകള്‍ സ്വീകരിച്ചു. അത് മറ്റ് മാര്‍ഗങ്ങള്‍ക്കായി ചെലവഴിച്ചതായും ഐടി വകുപ്പ് കണ്ടെത്തി. ജൂലൈ 20 ന് നടന്‍ ആരംഭിച്ച സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ 18.94 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. ഇതില്‍ 1.90 കോടി രൂപ മാത്രമാണ് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ബാക്കി മറ്റ് ബാക്ക് ആക്കൗണ്ടുകളിലേക്ക് മാറ്റിയതായും ഐടി വകുപ്പ് പറഞ്ഞു.
65 കോടി രൂപ തട്ടിയെടുക്കുന്നതിനായി സബ് കോണ്‍ട്രാക്റ്റുകളുടെ വ്യാജ ബില്ലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജയ്പൂര്‍ ആസ്ഥാനമായ കമ്പനിയുമായി സംശയാസ്പദമായ 175 കോടിയുടെ ഇടപാടുകള്‍ നടത്തിയതായും ഐടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നടനും നടനുമായി ബന്ധപ്പെട്ട ആളുകള്‍ക്കുമെതിരെ സെപ്റ്റംബര്‍ 15 നാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി 28 ഓളം ഇടങ്ങളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്.