India
If he comes to power, the reservation will be raised above 50 percent; Rahul Gandhi, congress, bjp, india allaince,loksabha election 2024,latest news,
India

ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം; അതിൽ തൊടാൻ പോലുമാവില്ല: രാഹുൽ ​ഗാന്ധി

Web Desk
|
30 April 2024 1:18 PM GMT

ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ഭരണഘടനാ മാറ്റവും സംവരണവും ആയി ബന്ധപ്പെട്ട് ബിജെപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന് ബിജെപി നേതാക്കൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്നാലത് അവരുടെ സ്വപ്നം മാത്രമാണെന്നും രാഹുൽ ​ഗാന്ധി തുറന്നടിച്ചു.

ഭരണഘടന ഇന്ത്യയിലെ പാവപ്പെട്ടവരുടെ ആത്മാവാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ആർക്കും അതിനെ തൊടാൻ കഴിയില്ല. അത് മാറ്റാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല. ബിജെപിക്കാർ സ്വപ്നം കാണുകയാണ്'- അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബാബാസാഹേബ് അംബേദ്കറും കോൺഗ്രസും ജനങ്ങളും ചേർന്ന് ബ്രിട്ടീഷുകാരോട് പോരാടി ഈ ഭരണഘടന ഉണ്ടാക്കി. ജനങ്ങളുടെ ശബ്ദമാക്കി. ഇത് ഒരിക്കലും മായ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. കർഷകരും തൊഴിലാളികളും ഒരിക്കലും അനുവദിക്കില്ല'- അദ്ദേഹം പറഞ്ഞു.

370ലധികം സീറ്റിന്റെ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയാൽ ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. സംവരണ വിഷയത്തിലും രാഹുൽ ഗാന്ധി ബിജെപിയെ കടന്നാക്രമിച്ചു. 'ഇപ്പോൾ അവർ പറയുന്നത് സംവരണത്തിന് എതിരല്ലെന്നാണ്? പിന്നെ എന്തിനാണ് പൊതുമേഖലയെ, റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നത്? എന്തിനാണ് അഗ്നിവീർ കൊണ്ടുവന്നത്?'- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ബിജെപിയെ 400 ലധികം സീറ്റുകള്‍ നേടി ജയിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കവെ ഹെ​ഗ്ഡെ പറഞ്ഞിരുന്നു.

​ഹെ​ഗ്ഡെ അടക്കമുള്ള ബിജെപി എം.പിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതോടെ, അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയും അമിത് ഷായും രം​ഗത്തെത്തിയിരുന്നു. അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു രാജസ്ഥാനിലെ ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞത്.

എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയായിരുന്നു പ്രതികരണം.

Similar Posts