India
elon musk tesla
India

ഇലോൺ മസ്ക് പിൻമാറുന്നു; ടെസ്‍ല ഉടൻ ഇന്ത്യയിലേക്കി​ല്ലെന്ന് റിപ്പോർട്ട്

Web Desk
|
5 July 2024 11:24 AM GMT

ഏപ്രിലിൽ ഇന്ത്യയിലേക്കുള്ള സന്ദർശനം ഇലോൺ മസ്ക് മാറ്റിവച്ചിരുന്നു

ന്യൂഡൽഹി: ഇലക്ട്രിക് വാഹനരംഗത്തെ മുൻനിരക്കാരായ ടെസ്‍ല ഇന്ത്യയിൽ ഉടൻ നിക്ഷേപം നടത്തില്ലെന്ന് റിപ്പോർട്ട്. ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതിന് പിന്നാലെ ഇന്ത്യൻ അധികൃതരുമായി കമ്പനി ആശയവിനിമയങ്ങളൊന്നും നടത്തിയിട്ടില്ല. ടെസ്‍ലക്ക് സാമ്പത്തിക പരിമിതികളുണ്ടെന്നാണ് അധികൃതർ വിശ്വസിക്കുന്നത്.

ആഗോളതലത്തിൽ ടെസ്‍ലയുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തുകയും ചൈനയിൽ കടുത്ത മത്സരം നേരിടുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് ഇന്ത്യയോടുള്ള താൽപ്പര്യം കുറയാൻ കാരണമായതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സൈബർ ട്രക്ക് വിഭാഗത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതായി ഏപ്രിലിൽ മസ്ക് അറിയിച്ചിരുന്നു. കൂടാതെ മെക്സികോയിലെ പ്ലാന്റിന്റെ നിർമാണവും മന്ദഗതിയിലാണ്.

കഴിഞ്ഞ ഏപ്രിലിലാണ് മസ്ക് ഇന്ത്യയി​ലേക്ക് വരുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അവസാന നിമിഷം സന്ദർശനം മാറ്റുകയും ചൈനയിലേക്ക് പോവുകയും ചെയ്തു.

വിദേശകമ്പനികൾ ഇന്ത്യയിൽ ചുരുങ്ങിയത് 4150 കോടിയുടെ നിക്ഷേപം നടത്തുകയും മൂന്ന് വർഷത്തിനുള്ളിൽ പ്രാദേശികമായി ഉൽപ്പാദനം ആരംഭിക്കുകയും ചെയ്യുകായണെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിൽ ഇന്ത്യ വലിയ ടാക്സ് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് ഇന്ത്യയിലേക്ക് വരുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.

ടെസ്‍ല പിൻമാറുകയാണെങ്കിൽ ടാറ്റ, മഹീന്ദ്ര പോലുള്ള കമ്പനികളെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ പ്രോത്സാഹിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഇന്ത്യയിലെ ഇ.വി വാഹനവിപണി ശൈശവാവസ്ഥയിലാണ്. ഇലക്ട്രിക് കാറുകളുടെ വിൽപ്പന 1.3 ശതാമനം മാത്രമാണെന്നാണ് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വാഹനങ്ങളുടെ ഉയർന്നവിലയും ചാർജിങ് സ്റ്റേഷനുകളുടെ അഭാവവുമെല്ലാം ആളുകളെ ഇലക്ട്രിക് കാറുകളിൽനിന്ന് പിന്നോട്ടടിപ്പിക്കുകയാണ്.

Similar Posts