'ഇന്ത്യയിൽ പ്രവർത്തനം തുടരണമെങ്കിൽ ശരിയായ മാപ്പ് ഉപയോഗിക്കണം'; വാട്സ്ആപ്പിനെതിരെ കേന്ദ്രമന്ത്രി
|ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് വാട്സ്ആപ്പ്
ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററിൽ പങ്കുവെച്ച വാട്സ്ആപ്പിനെതിരെ കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. തെറ്റ് തിരുത്തണമെന്നും ശരിയായ മാപ്പ് പ്രസിദ്ധീകരിക്കണമെന്നും മന്ത്രി വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു.
'പ്രിയപ്പെട്ട വാട്ട്സ്ആപ്പ് - ഇന്ത്യയുടെ മാപ്പിലെ തെറ്റ് എത്രയും വേഗം പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നിലവിൽ ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നവരും ഇന്ത്യയിൽ ബിസിനസ് തുടരാൻ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും ശരിയായ മാപ്പ് ഉപയോഗിക്കണം'. അദ്ദേഹം ട്വീറ്റ് ചെയ്തു.
തുടർന്ന് തെറ്റായ മാപ്പുള്ള ട്വീറ്റ് പിൻവലിച്ച് വാട്സ്ആപ്പ് ക്ഷമാപണം നടത്തി. കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് താഴെയായിരുന്നു മറുപടിയുമായി വാട്സ്ആപ്പ് എത്തിയത്.
'മനപ്പൂർവമല്ലാത്തെ തെറ്റ് ചൂണ്ടിക്കാട്ടിയതിന് മന്ത്രിക്ക് നന്ദി; ഞങ്ങൾ ഉടൻ അത് നീക്കം ചെയ്തു, ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും'.. വാട്സ്ആപ്പ് ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ തെറ്റായ മാപ്പ് ഉപയോഗിച്ചതിന് കഴിഞ്ഞ ആഴ്ച 'സൂം' സിഇഒ എറിക് യുവാനെയും കേന്ദ്രമന്ത്രി ചന്ദ്രശേഖർ ശാസിച്ചിരുന്നു. തുടർന്ന് അത് നീക്കം ചെയ്തതായി സൂം സി.ഇ.ഒ അറിയിച്ചിരുന്നു. 2021 ജൂണിൽ ഇന്ത്യയുടെ വികലമായ മാപ്പ് പങ്കുവെച്ചതിന് ട്വിറ്ററും കടുത്ത വിമർശനത്തിന് ഇരയായിരുന്നു. തുടർന്ന് തെറ്റായ മാപ്പ് നീക്കം ചെയ്ത് ട്വിറ്ററും ക്ഷമാപണം നടത്തിയിരുന്നു.