കോൺഗ്രസ് എംപിയുടെ വീട്ടിൽനിന്ന് 100 കോടി പിടിച്ചു; ഇതാണ് തന്റെ ഉറപ്പെന്ന് മോദി
|'പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇതാണ് മോദിയുടെ ഉറപ്പ്' പ്രധാനമന്ത്രി എക്സിൽ കുറിച്ചു
റാഞ്ചി: ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എംപി ധീരജ്സാഹുവിന്റെ വീട്, ഓഫീസ്, കമ്പനി തുടങ്ങിയ ഇടങ്ങളിൽ നിന്ന് 100 കോടിയിലേറെ രൂപ പിടിച്ചെടുത്ത് ഇൻകം ടാക്സ്. രാജ്യസഭാംഗമായ സാഹുവിന്റെ ജാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിയിലെ കേന്ദ്രങ്ങളിൽനിന്നാണ് പണം പിടികൂടിയത്. രണ്ട് ദിവസം തുടർച്ചയായി നടത്തിയ പരിശോധനയിൽ അലമാറകളിലും പെട്ടികളിലുമായി കൈക്കൂലിപ്പണം പിടികൂടിയതായാണ് ഇൻകം ടാക്സ് അധികൃതർ പറഞ്ഞത്.
പിടികൂടിയ പണത്തിന്റെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. എന്നാൽ 150 മുതൽ 300 കോടി വരെ കണ്ടെത്തിയെന്നാണ് ഇൻകം ടാക്സിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ബാങ്ക് ജീവനക്കാർക്കൊപ്പം 30 ഓഫീസർമാർ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ പങ്കെടുത്തു. എട്ട് നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചു. 50 കോടി രൂപ വരെ എണ്ണിക്കഴിഞ്ഞപ്പോൾ ഒരു നോട്ടെണ്ണൽ യന്ത്രം കേടുവന്നതായും അധികൃതർ വ്യക്തമാക്കി. ഒഡിഷയിലെ ബോലഗീർ, സാമ്പൽപൂർ എന്നിവിടങ്ങളിലും ജാർഖണ്ഡിലെ റാഞ്ചി, ലൊഹാർധാഗ എന്നിവിടങ്ങളിലാണ് പരിശോധന നടന്നതെന്നും അധികൃതർ അറിയിച്ചു. ഒഡിഷയിലെയും ജാർഖണ്ഡിലെയും ബൗധ് ഡിസ്റ്റല്ലറീസ് പ്രൈവറ്റ് ലിമിറ്റഡിൽ (ബിഡിപിഎൽ) പരിശോധന തുടരുന്നതായാണ് അധികൃതർ പറയുന്നത്.
അതേസമയം, പരിശോധനയുടെ നേട്ടമെറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. നോട്ടുകൂമ്പാരം പിടികൂടിയ വാർത്ത സഹിതം എക്സിലാണ് മോദി പ്രതികരിച്ചത്.
'രാജ്യ നിവാസികൾ ഈ നോട്ടുകളുടെ കൂമ്പാരത്തിലേക്ക് നോക്കണം, എന്നിട്ട് അവരുടെ നേതാക്കളുടെ സത്യസന്ധമായ 'പ്രസംഗങ്ങൾ' കേൾക്കണം... പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇതാണ് മോദിയുടെ ഉറപ്പ്' പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ജാർഖണ്ഡിലെ ലൊഹാർധാഗ നിവാസിയാണ് ധീരജ് സാഹു. 1977ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്.
Income Tax Department has seized more than Rs 100 crore from Congress MP Dheerajsahu's house, office and company.