ചില കുട്ടികള്‍ കരയുന്നുണ്ടായിരുന്നു, ചിലര്‍ ബോധരഹിതരായി വീണു, ശരിക്കും നരകമായിരുന്നു അവിടം; യുദ്ധഭൂമിയില്‍ നിന്നും നാട്ടിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി
|സ്ഥിതി വളരെ മോശമായിരുന്നു. അവർക്ക് ഞങ്ങളെ ഇഷ്ടമായിരുന്നില്ല
യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതു വരെ ഇരുന്നൂറിലേറെ മലയാളികൾ ഉൾപ്പടെ രണ്ടായിരത്തിലേറെ ഇന്ത്യാക്കാർ തിരിച്ചെത്തിയിട്ടുണ്ട്. ഭീതികരമായ സാഹചര്യത്തില്‍ നിന്നും ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് പലരും. ഒപ്പം പ്രിയപ്പെട്ടവരെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലും.
രാജ്യത്തെ വിമാനത്താവളങ്ങള്‍ പ്രിയപ്പെട്ടവരുടെ പുനസമാഗമത്തിന്റെ വേദിയായിക്കൊണ്ടിരിക്കുകയാണ്. ഉറ്റവരെ കണ്ട സന്തോഷത്തില്‍ പരസ്പരം ആലിംഗനം ചെയ്യുന്നവര്‍, ചുംബിക്കുന്നവര്‍. അതുവരെ കടന്നുപോയ പേടിപ്പെടുത്തുന്ന ദിവസങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചു. യുദ്ധസമയത്തെ യുക്രൈനിലെ ജീവിതം ശരിക്കും നരകമായിരുന്നുവെന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശുഭാൻഷു എന്ന ഇന്ത്യന്‍ വിദ്യാര്‍ഥി എന്‍.ഡി ടിവിയോടു പറഞ്ഞു. താനടങ്ങുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർതികള് റൊമാനിയൻ അതിർത്തിയിലെത്താൻ നടത്തിയ ദീർഘയാത്രയും യുക്രൈനില്‍ നിന്ന് അയൽരാജ്യങ്ങളിലേക്കും അവിടെ നിന്ന് ഇന്ത്യയിലെത്താനും അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ശുഭാന്‍ഷു വിവരിച്ചു.
"ഞങ്ങൾ വിന്നിറ്റ്സിയയിൽ നിന്ന് അതിർത്തിയിലേക്ക് യാത്ര ചെയ്തു. യാത്ര ക്രമരഹിതമായിരുന്നു. ഞങ്ങളുടെ കരാറുകാർ ബസുകൾ ഏർപ്പാടാക്കി.ഏകദേശം 12 കിലോമീറ്റർ നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ സുരക്ഷിതമായി അതിർത്തിയിലെത്തി.പക്ഷേ നടക്കാൻ പ്രശ്നമായിരുന്നില്ല. റൊമാനിയൻ അതിർത്തി കടക്കുന്നതായിരുന്നു പ്രശ്നം. അതിർത്തി കടക്കുക അസാധ്യമായിരുന്നു'' ശുഭാന്‍ഷു പറയുന്നു. കിയവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് വിന്നിറ്റ്സിയ.
''വിദ്യാർഥികൾ കരയുന്നത് ഞാൻ കണ്ടു. അവര്‍ അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ചിലർ ബോധരഹിതരായി, കാലിൽ വീണു. ഞാനാദ്യം പോകട്ടെ എന്നു പറഞ്ഞ് ചിലര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒരു ആക്രമണവും ഞാന്‍ നേരിട്ടില്ലെങ്കിലും ഇതിനു സാക്ഷിയാകേണ്ടി വന്നു. ചില യുക്രേനിയന്‍ സൈനികര്‍ വിദ്യാര്‍ഥികളെ ചവിട്ടി. ചില വിദ്യാർഥികളെ റൈഫിൾ ഉപയോഗിച്ച് അടിച്ചു. സ്ഥിതി വളരെ മോശമായിരുന്നു. അവർക്ക് ഞങ്ങളെ ഇഷ്ടമായിരുന്നില്ല. അതിർത്തി കവാടങ്ങൾ തുറക്കുമ്പോൾ, അവർ ആദ്യം യുക്രേനിയക്കാരെ അനുവദിക്കും. എന്നാൽ ഞങ്ങൾ അതിർത്തി കടന്നപ്പോൾ ഇന്ത്യൻ എംബസി ഞങ്ങളെ നന്നായി പരിഗണിച്ചു. അതിനുശേഷം ഞങ്ങൾ ഒരു പ്രശ്നവും നേരിട്ടില്ല. അതിനുശേഷം എല്ലാം സുഗമമായി നടന്നു. ഭക്ഷണവും വെള്ളവും കിട്ടി. എന്റെ ചില സുഹൃത്തുക്കൾ ഇപ്പോഴും അഭയകേന്ദ്രത്തിലാണ്, അവര്‍ക്ക് മികച്ച സൌകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാൽ റൊമാനിയൻ അതിർത്തിയിൽ സ്ഥിതി മോശമായിരുന്നു'' ശുഭാന്‍ഷു പറഞ്ഞു.
16,000 ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച റഷ്യൻ ആക്രമണം ആരംഭിച്ചതു മുതൽ തങ്ങൾ ഒളിച്ചിരിക്കുന്ന ഭൂഗർഭ ബങ്കറുകൾ, മെട്രോ സ്റ്റേഷനുകൾ, ബോംബ് ഷെൽട്ടറുകൾ എന്നിവയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പലരും പങ്കിട്ടിരുന്നു.
അതേസമയം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്ന് എത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമാക്കാൻ ആണ് ശ്രമം തുടരുന്നത്.രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങളും ഇന്ന് മുതൽ രംഗത്തുണ്ട്.എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളും രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. നിലവിൽ രക്ഷാ പ്രവർത്തനം നടക്കുന്ന ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങൾക്ക് പുറമെ പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഉള്ള വിമാനങ്ങൾ എത്തിത്തുടങ്ങും. ഇന്ത്യൻ വ്യോമസേനകൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് കൂടുതൽ കരുത്ത് ലഭിക്കും