സി.ബി.ഐയുടെ അല്ല, ബി.ജെ.പി കസ്റ്റഡിയിലാണ് താനെന്ന് കെ.കവിത
|പിന്നീട് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റി
ഹൈദരാബാദ്: ഡൽഹി മദ്യനയക്കേസിൽ ബി.ആർ.എസ്. നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ കോടതിയിൽ ഹാജരാക്കിയത്. സി.ബി.ഐയുടെയല്ല ബി.ജെ.പിയുടെ കസ്റ്റഡിയിലാണ് താനെന്ന് കവിത പ്രതികരിച്ചു.
തിങ്കളാഴ്ച കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ശേഷം കവിതയെ സി.ബി.ഐ ന്യൂഡൽഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് പ്രാദേശിക വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് ബിആര്‍എസ് നേതാവിന്റെ പ്രതികരണം. 'ജയ് തെലങ്കാന' മുദ്രാവാക്യം വിളിച്ചാണ് അവര്‍ പ്രതികരിച്ചത്. ബി.ജെ.പി നേതാക്കൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് സി.ബി.ഐയും ചോദിക്കുന്നതെന്നും അവർ (സി.ബി.ഐ) അത് തന്നെ ആവർത്തിച്ച് ചോദിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.പിന്നീട് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റി.
മാര്‍ച്ച് 15ന് അറസ്റ്റിലായ കവിത 26 മുതല്‍ തിഹാര്‍ ജയിലിലാണ്. ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാന്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡിയുടെ ആരോപണം.