India
IUML team visited riot-hit Haryanas Mewat region, Muslim League-Youth League team visited Haryanas Mewat region, Haryana communal riots, BJP governments bulldozer raj in Haryana

ബുൾഡോസർ തകർത്തെറിഞ്ഞ നൽഹഡ് ഗ്രാമത്തിൽ മുസ്‍ലിം ലീഗ് സംഘം സന്ദർശിക്കുന്നു

India

ഹരിയാനയിലെ കലാപബാധിത മേഖലയില്‍ വസ്തുതാന്വേഷണവുമായി മുസ്‍ലിം ലീഗ് സംഘം

Web Desk
|
10 Aug 2023 2:38 PM GMT

അരവല്ലി പർവതത്തിൻ്റെ താഴ്വരയിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ വീടുകളാണ് ഹരിയാനയിലെ ബി.ജെ.പി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർത്തതെന്നു ഗ്രാമവാസികള്‍ നേതാക്കളോട് പറഞ്ഞു

നൂഹ്(ഹരിയാന): വർഗീയ കലാപവും ബി.ജെ.പി സർക്കാരിന്‍റെ ബുൾഡോസർ രാജും തകർത്തെറിഞ്ഞ ഹരിയാനയിലെ മേവാത് മേഖലയിൽ മുസ്‍ലിം ലീഗ്-യൂത്ത് ലീഗ് സംഘം സന്ദർശിച്ചു. നൂഹിലെ നൽഹഡ് ഗ്രാമത്തിലും മെഡിക്കൽ കോളജ് പരിസരത്തും എത്തിയ സംഘം പ്രദേശവാസികളെ നേരിൽകണ്ട് വസ്തുതാ വിവരശേഖരണം നടത്തി. ലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സംഘം ഹരിയാനയിലെത്തിയത്.

മുസ്‍ലിം ലീഗ് അസി. സെക്രട്ടറി സി.കെ സുബൈർ, യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, വൈസ് പ്രസിഡന്‍റ് ഷിബു മീരാൻ, സെക്രട്ടറി അഡ്വ. ചൗധരി അസറുദ്ദീൻ, എക്സിക്യൂട്ടീവ് അംഗം സി.കെ ഷാക്കിർ, അഡ്വ. ആഷ് മുഹമ്മദ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

വി.എച്ച്.പി, ബജ്റംഗ്‍ദള്‍ നേതൃത്വത്തിൽ നടത്തിയ യാത്രയെ തുടർന്നാണ് നൂഹ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ജുനൈദ്, നാസിര്‍ എന്നീ യുവാക്കളെ ജീവനോടെ കത്തിച്ച കേസില്‍ പ്രതിയായ മോനു മനേസറിൻ്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിൽ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ഗ്രാമവാസികൾ നേതാക്കളോട് പറഞ്ഞു. പിന്നീടാണ് ഹരിയാനയിലെ ബി.ജെ.പി സർക്കാർ ബുൾഡോസർ ആക്രമണം നടത്തിയത്. അരവല്ലി പർവതത്തിൻ്റെ താഴ്വരയിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ വീടുകളാണ് ഇടിച്ചുതകർത്തത്. ഭക്ഷണസാധനങ്ങൾ പോലും എടുത്തുമാറ്റാൻ അനുവദിച്ചില്ലെന്ന് ഗ്രാമവാസിയായ ഖുർഷിദൻ നേതാക്കളോട് പറഞ്ഞു. കഴിഞ്ഞ ദിവസം വരെ സുഖമായി കിടന്നുറങ്ങിയ വീടുകൾ കോൺക്രീറ്റ് കൂമ്പാരമായി മാറിയതിൻ്റെ നിരാശയിൽ മരച്ചുവട്ടിലാണ് നൽഹഡ് ഗ്രാമത്തിലെ 18 കുടുംബങ്ങൾ അന്തിയുറങ്ങുന്നത്.

നൽഹഡിലേതടക്കം നിരവധി വീടുകളാണ് നൂഹ് മേഖലയിൽ തകർത്തത്. നൽഹഡ് മെഡിക്കൽ കോളജിനടുത്ത് മെഡിക്കൽ സ്റ്റാറ്റുകളും ലാബുകളുമടക്കം 46 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം പൂർണമായും ഇടിച്ചുതകർത്തു. 200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്‍ലിം മേഖലകൾ മാത്രം ലക്ഷ്യംവയ്ക്കുന്ന സംഘ്പരിവാർ-ഭരണകൂട ഭീകരതയാണ് നൂഹിൽ നടന്നതെന്നു നേതാക്കള്‍ പറഞ്ഞു. അർധരാത്രിയിൽ പോലും വീടുകളിൽ ഹരിയാന പൊലീസ് കയറിയിറങ്ങി ഭീഷണി തുടരുന്നതായി ഗ്രാമത്തിലെ വനിതകൾ നേതാക്കളോട് പറഞ്ഞു. പൊലീസ് ഭീഷണി ഭയന്ന് പുരുഷന്മാരേറെയും ഒളിവിലാണെന്നും ഇവര്‍ വെളിപ്പെടുത്തി.

മുസ്‍ലിം ജീവിതത്തെ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്ന ഭരണകൂട ഭീകരതക്കെതിരെ സർവശക്തിയും ഉപയോഗിച്ച് പൊരുതുമെന്ന് നേതാക്കൾ പറഞ്ഞു. ഹരിയാനയിലെ കലാപത്തിൻ്റെയും ബുൾഡോസർ-പൊലീസ് രാജിൻ്റെയും വിശദവിവരങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ശക്തമായ പ്രതിഷേധമുയർത്തുമെന്നും നേതാക്കൾ പറഞ്ഞു.

Summary: A Muslim League-Youth League team visited Haryana's Mewat region, which has been ravaged by communal riots and the BJP government's bulldozer raj

Similar Posts