India
സ്ഥിര നിക്ഷേപങ്ങൾ എന്റെ സ്വന്തം, തട്ടിപ്പുകാരന്റേതല്ല വിശദീകരണം നൽകി ജാക്വലിൻ ഫെർണാണ്ടസ്
India

'സ്ഥിര നിക്ഷേപങ്ങൾ എന്റെ സ്വന്തം, തട്ടിപ്പുകാരന്റേതല്ല' വിശദീകരണം നൽകി ജാക്വലിൻ ഫെർണാണ്ടസ്

Web Desk
|
24 Aug 2022 4:29 PM GMT

ഡൽഹിയിലെ കോടതിയിൽ ഇ.ഡി സമർപ്പിച്ച സപ്ലിമെൻററി കുറ്റപത്രത്തിൽ ജാക്വലിനെ പ്രതിയായാണ് ഇ.ഡി കാണിച്ചിരിക്കുന്നത്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കണ്ടുകെട്ടിയ സ്ഥിര നിക്ഷേപങ്ങൾ തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ളതാണെന്നും തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. കേസുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണ കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സുകേഷ് രംഗത്ത് വരുന്നതിന് മുമ്പ് നിക്ഷേപിക്കപ്പെട്ടതാണ് ഈ സമ്പാദ്യങ്ങളെന്നും അവർ പറഞ്ഞു. 200 കോടിയുടെ തട്ടിപ്പുകേസ് പ്രതി സുകേഷിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതിന്റെ പേരിൽ ജാക്വലിനെ ഇ.ഡി ചോദ്യം ചെയ്യുകയും നിക്ഷേപങ്ങൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.



കേസിൽ ഡൽഹിയിലെ കോടതിയിൽ ഇ.ഡി സപ്ലിമെൻററി കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രത്തിൽ ജാക്വലിനെ പ്രതിയായാണ് ഇ.ഡി കാണിച്ചിരിക്കുന്നത്. എന്നാൽ പ്രതിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ച മറ്റുള്ളവരെ സാക്ഷികളായാണ് കാണിച്ചിരിക്കുന്നതെന്നും ജാക്വലിൻ പറഞ്ഞു. കേസിൽ ആദ്യമായാണ് ജാക്വലിനെ പ്രതിയാക്കി ഉൾപ്പെടുത്തുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവീൺ സിങ്ങിന്റെ ബെഞ്ചിലാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.


ആഢംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയിരുന്നു.

ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു. സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഢംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നും അവർ അറിയിച്ചു.

Bollywood actress Jacqueline Fernandez says fixed deposits seized in money laundering case are from her own savings and has nothing to do with fraudster Sukesh Chandrasekhar

Similar Posts