'ബി.ജെ.പി പണമെറിഞ്ഞ് വോട്ട് പിടിച്ചു'; തോൽവിക്ക് പിന്നാലെ ആരോപണവുമായി ജഗദീഷ് ഷെട്ടാർ
|തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ജഗദീഷ് ഷെട്ടാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിലാണ് കനത്ത ഷെട്ടാർ പരാജയപ്പെട്ടത്. എന്നാൽ തന്റെ തോൽവിക്ക് കാരണം ബി.ജെ.പി വോട്ടർമാർക്ക് പണം വാരിയെറിഞ്ഞെന്നും സമ്മർദതന്ത്രം പ്രയോഗിച്ചെന്നും ഷെട്ടാർ ആരോപിച്ചു. ബി.ജെ.പി സ്ഥാനാർഥി വോട്ടർമാർക്ക് 500,1000 രൂപവരെ വിതരണം ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
'കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും ഞാൻ വോട്ടർമാർക്ക് പണം വിതരണം ചെയ്തിട്ടില്ല. ആദ്യമായാണ് ബിജെപി സ്ഥാനാർത്ഥി 500-1000 രൂപ വോട്ടർമാർക്ക് വിതരണം ചെയ്യുന്നത്. എന്നാൽ താൻ പരാജയപ്പെട്ടെങ്കിലും ലിംഗായത്തുകളുടെ വോട്ടുകൾ നേടാനായെന്നും കോൺഗ്രസിന് 20 മുതൽ 25 വരെ സീറ്റുകൾ നേടാൻ സഹായിച്ചെന്നും ജഗദീഷ് ഷെട്ടാർ വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ജഗദീഷ് ഷെട്ടാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. ബി.ജെ.പി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് കൂടുമാറിയത്. ബി.ജെ.പിയുടെ മഹേഷ് തെങ്ങിനകൈയോട് 34,000 വോട്ടിനാണ് ഷെട്ടാർ പരാജയപ്പെട്ടത്.