India
jagan mohan reddy
India

'ആന്ധ്രയിൽ 4 ശതമാനം മുസ്‌ലിം സംവരണം നിലനിർത്തും, അവസാന വാക്ക്': ഉറപ്പുനൽകി ജഗൻ മോഹൻ റെഡ്ഡി

Web Desk
|
10 May 2024 5:56 AM GMT

മുസ്‌ലിം സംവരണം എടുത്തുകളയുമെന്ന ബിജെപിയുടെ വാദവുമായി കൈകോർത്ത ചന്ദ്രബാബു നായിഡു മറുവശത്ത് ന്യൂനപക്ഷ വോട്ട് തേടുകയാണെന്നും ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി.

കുർണൂൽ: ആന്ധ്രാപ്രദേശിൽ മുസ്‌ലിം സംവരണം നിലനിർത്തുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്ത് മുസ്‌ലിം സംവരണത്തിൻ്റെ 4 ശതമാനം നിലനിൽക്കും. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കാണിതെന്നും അദ്ദേഹം പറഞ്ഞു. കുർണൂലിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ജഗൻ മോഹൻ റെഡ്ഡി.

"ഒരു വശത്ത്, 4 ശതമാനം മുസ്‌ലിം സംവരണം എടുത്തുകളയുമെന്ന ബിജെപിയുടെ വാദവുമായി കൈകോർത്തക്കുകയാണ് ചന്ദ്രബാബു നായിഡു. മറുവശത്ത് പുതിയ നാടകം മെനഞ്ഞ് ന്യൂനപക്ഷ വോട്ട് തേടുന്നു. ഇതുപോലെയുള്ള നാടകം നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടോ? എന്തുവന്നാലും 4 ശതമാനം മുസ്‌ലിം സംവരണം ആന്ധ്രയിൽ നിലനിൽക്കും. മുസ്‌ലിം സംവരണം റദ്ദാക്കുമെന്ന് എൻഡിഎ സർക്കാർ ഉറപ്പിച്ച് പറയുന്നതിന് ശേഷവും എന്തുകൊണ്ടാണ് ചന്ദ്രബാബു നായിഡു എൻഡിഎയുമായി സഖ്യം തുടരുന്നത് എന്നതാണ് എന്റെ ഒരേയൊരു ചോദ്യം"; ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

അടുത്ത 4 ദിവസത്തിനുള്ളിൽ കുരുക്ഷേത്രയുദ്ധം നടക്കാൻ പോവുകയാണ്. ഈ തെരഞ്ഞടുപ്പ് എംഎൽഎമാരെയും എംപിമാരെയും തിരഞ്ഞെടുക്കാനുള്ളതല്ല. നിലവിലുള്ള പദ്ധതികളുടെ ഭാവിയും ഓരോ കുടുംബത്തിന്റെയും പുരോഗതിയും നിർണയിക്കാനുള്ളതാണ്. നിങ്ങൾ ചന്ദ്രബാബുവിന്റെ വോട്ട് ചെയ്യുകയാണെങ്കിൽ വീട്ടുപടിക്കൽ എത്തിച്ച വികസനം തടയുകയാണ് നിങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലെ പ്രതിപക്ഷ നേതാവും തെലുഗു ദേശം പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമർശനമാണ് ജഗൻ മോഹൻ റെഡ്ഡി ഉന്നയിച്ചത്. '14 വർഷമായി, ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായതിൽ വീമ്പിളക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം ഈ മനുഷ്യൻ കൊണ്ടുവന്ന എന്തെങ്കിലും വികസന ഇവിടുത്തെ പാവങ്ങൾക്ക് ഓർമ്മയുണ്ടോ? മതവിവേചനം കൂടാതെയാണ് ഞങ്ങൾ ക്ഷേമം കൊണ്ടുവന്നത്'; ജഗൻ മോഹൻ പറയുന്നു.

ആന്ധ്രാപ്രദേശിൽ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ മെയ് 13നാണ് നടക്കുക. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും

Similar Posts