ഹൈക്കോടതി ഉത്തരവ് വകവച്ചില്ല, ബുൾഡോസറുകൾ പുലർച്ചെ എത്തി; ആന്ധ്രയിൽ ജഗനെ വെല്ലുവിളിച്ച് നായിഡു
|നായിഡു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് തുറന്നടിച്ച് ജഗൻ
അമരാവതി: ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ടിഡിപിയുടെ ബുൾഡോസർ രാജ്. ഗുണ്ടൂരിൽ വൈഎസ്ആർസിപിയുടെ നിർമാണത്തിലിരിക്കുന്ന ആസ്ഥാന മന്ദിരം ടിഡിപി ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് നടപടി.
ഇന്ന് പുലർച്ചയോടെയാണ് ഓഫീസ് ഇടിച്ചു നിരത്താൻ തുടങ്ങിയത്. ഇന്നലെ ഹൈക്കോടതിയെ സമീപിച്ച വൈഎസ്ആർസിപി കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് വകവയ്ക്കാതെ ഓഫീസ് ഇടിച്ചു നിരത്തിയതിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ നിലവിൽ എംഎൽഎയായ ജഗൻ രൂക്ഷവിമർനമാണുന്നയിച്ചത്.
നായിഡുവിന്റേത് കോടതിയലക്ഷ്യ നടപടിയാണെന്നും ഏകാധിപതിയെ പോലെയാണ് അദ്ദേഹമിപ്പോൾ പെരുമാറുന്നതെന്നും ജഗൻ തുറന്നടിച്ചു. എൻഡിഎ സർക്കാരിന്റെ ഭരണം മൂലം സംസ്ഥാനത്ത് നിന്ന് നീതിയും ന്യായവുമെല്ലാം അപ്രത്യക്ഷമായെന്ന് ചൂണ്ടിക്കാട്ടിയ ജഗൻ അടുത്ത അഞ്ച് വർഷത്തെ ഭരണം എങ്ങനെയാവുമെന്ന് മനസ്സിലായെന്നും എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ വിമർശിച്ചു.
നിർമാണം ഏകദേശം പൂർത്തിയായ കെട്ടിടമായിരുന്നു ഗുണ്ടൂരിലേത്. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് കാട്ടിയായിരുന്നു ടിഡിപിയുടെ ബുൾഡോസർ നടപടി. വൈഎസ്ആർസിപി ആരോപിക്കുന്നത് പോലെ മുൻവൈരാഗ്യം വെച്ചല്ല കെട്ടിടം നശിപ്പിച്ചതെന്നാണ് ടിഡിപിയുടെ വാദം. കെട്ടിടം നിയമപരമായി നിർമിച്ചതാണെങ്കിൽ ജഗൻ മോഹനും പാർട്ടിയും അത് തെളിയിക്കണമെന്നും യാതൊരു തരത്തിലുമുള്ള രാഷ്ട്രീയവൈരത്തിനും ടിഡിപിയോ ചന്ദ്രബാബു നായിഡുവോ മുതിർന്നിട്ടില്ലെന്നും ടിഡിപി നേതാവ് പട്ടാഭി റാം കൊമ്മറെഡ്ഡി വ്യക്തമാക്കി.