ജഹാംഗീർ പുരി സംഘർഷം: പൊലീസിന് വീഴ്ച പറ്റിയെന്ന് ഡൽഹി കോടതി, എട്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
|കേസില്‍ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ന്യൂഡല്‍ഹി: ജഹാംഗീർപുരിയിലെ സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡൽഹി കോടതി. ഹനുമാൻ ജയന്തിയുടെ ഭാഗമായി നടത്തിയ റാലിക്ക് അനുമതി ഇല്ലാതിരുന്നിട്ടും, റാലി തടയാൻ പൊലീസ് തയ്യാറായില്ലെന്നും രോഹിണി കോടതി വിമർശിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
മുൻകൂർ അനുമതി ഇല്ലാതെ നടത്തിയ ഹനുമാൻ ജയന്തി റാലിക്ക് സംരക്ഷണം നൽകിയ പൊലീസ് നടപടിയെ ആണ് കോടതി വിമർശിച്ചത്. ഹനുമാൻ ജയന്തി ദിനത്തിൽ ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. നിയമവിരുദ്ധമായ സംഘം ചേരൽ തടയാനോ ആൾകൂട്ടത്തെ പിരിച്ചു വിടാനോ പൊലീസിൻ്റെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടായില്ല എന്നും കോടതി നിരീക്ഷിച്ചു. പകരം ജഹാംഗീർ പുരി പൊലീസ് ഇൻസ്പെക്ടർ രാജീവ് രഞ്ജനും സംഘവും നിയമവിരുദ്ധ റാലിയെ അനുഗമിക്കുകയാണ് ചെയ്തത് എന്നും കോടതി വിമർശിച്ചു.
ഏപ്രിൽ പതിനാറിന് ഉണ്ടായ സംഘർഷത്തിൽ പൊലീസിന് സംഭവിച്ച വീഴ്ചയെ കുറിച്ച് വ്യക്തമായി അന്വേഷിക്കാനും രോഹിണി കോടതി നിർദ്ദേശിച്ചു. കേസിലെ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഡൽഹി പോലീസിനെ രൂക്ഷമായി വിമർശിച്ചത്. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം വിലയിരുത്തിയ കോടതി ജാമ്യ ഹരജി തളളി. ഇപ്പൊൾ ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
Jahangirpuri violence: Delhi court has rejected the bail pleas of eight accused, alleging that the police had failed